മേപ്പാടി: തോട്ടം തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും അധിവസിച്ച തൊഴിലാളി ഗ്രാമമായിരുന്നു ചൂരൽമലയും മുണ്ടക്കൈയും. ഏതാനും തോട്ടം മുതലാളിമാരും ഇവിടെയുണ്ടായിരുന്നു.ഹാരിസൺ തോട്ടത്തിലെ നിരവധി തൊഴിലാളികൾക്കും അവരുടെ തലമുറകൾക്കും പാടികൾക്ക് പുറമേ വീടും സ്ഥലവും ഉണ്ടായിരുന്നു.ദുരന്തത്തിൽ ഇരയായവരിൽ ഏറെയും ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ്.ഹാരിസൺസ് കമ്പനിയുടെ സ്ഥലമാണ് ചൂരൽമലയിലെ ഏറിയപങ്കും. സമീപകാലത്ത് ചൂരൽമലയിലടക്കം തോട്ടം മേഖലയിൽ മണ്ണിടിച്ചലുണ്ടായിരുന്നു.ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ താമസം ഉൾപ്പെടെയുള്ള കാര്യങ്ങൾ സുരക്ഷിതമാക്കാൻ യൂണിയനുകൾ മാനേജ്‌മെന്റിനെ സമീപിച്ചിരുന്നു.മേഖലയിൽ ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ സമരം നടത്തിയിരുന്നു.സമരം നീണ്ടാൽ തൊഴിലാളികൾ ദുരിതത്തിലാകുമെന്നതിനാലാണ് സുരക്ഷ ഉറപ്പാക്കി പ്രവർത്തനം ആരംഭിച്ചത്.
മരണം മലയിറങ്ങി വന്ന കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തേയിലത്തോട്ടങ്ങൾ നിശ്ചലമാണ്.505 ഹെക്ടറിലാണ് ഹാരിസൺ മലയാളം മുണ്ടക്കൈ ഡിവിഷൻ.തേയിലത്തോട്ടത്തിലെ തൊഴിലാളികളും ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 89 പേരെയാണ് ദുരന്തം കൊണ്ടുപോയത്. 26 പേരുടെ മൃതദേഹം കിട്ടി.24 തൊഴിലാളികളും 26 കുടുംബാംഗങ്ങളും ഇനിയും കാണാമറയത്താണ്.നാല് അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്.രണ്ട് ജീവനക്കാരും ഏഴ് കുടുംബാംഗങ്ങളും ദുരന്തത്തിൽ അപ്രത്യക്ഷമായി. പത്ത് ഹെക്ടർ തോട്ടം ഒലിച്ചുപോയി.മുണ്ടക്കൈ,പുത്തുമല,ചൂരൽമല,അട്ടമല ഡിവിഷനുകളിലെ 321 തൊഴിലാളികളും 153 ജീവനക്കാരും 16 ഓഫീസ് ജീവനക്കാരും ഹാരിസൺ മലയാളത്തിലുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് നിലവിൽ വന്ന തോട്ടമാണിത്. 2019ലെ പുത്തുമല ദുരന്തവും ഹാരിസൺ തോട്ടത്തിനെയാണ് ബാധിച്ചത്.അന്ന് 17പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |