
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ വികസനത്തിന്റെ ഭാഗമായി 150 കോടിയിലേറെ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ഹോട്ടൽ നിർമ്മിക്കാൻ അദാനിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ഫ്ലൈഓവറിന് സമീപത്തായി ഇപ്പോൾ ദേശീയപതാക സ്ഥാപിച്ചിരിക്കുന്നതിന് അടുത്തായാവും പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുക.
ഹോട്ടൽ നിർമ്മിക്കാൻ വിമാനത്താവളവളപ്പിലെ 40 മരങ്ങൾ മാറ്റിസ്ഥാപിക്കാനും കേന്ദ്രാനുമതിയായി.
ഹോട്ടൽ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിക്കായിരിക്കും നടത്തിപ്പ് ചുമതല. കൺവെൻഷൻ സെന്ററും റസ്‌റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ പരമാവധി 23 മീറ്റർ പൊക്കം മാത്രമാണ് ഹോട്ടലിനുണ്ടാവുക. പാർക്കിംഗിനായി രണ്ട് ഭൂഗർഭനിലകൾ പാടില്ലെന്ന് നേരത്തേ സ്‌റ്റേറ്റ് എൻവയൺമെന്റ് ഇമ്പാക്ട് അസസ്‌മെന്റ് അതോറിട്ടി (എസ്.ഇ.ഐ.എ.എ) നിലപാടെടുത്തിരുന്നു.
നിർമ്മാണം അതിവേഗത്തിൽ
240 മുറികളും 660 പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യവുമുള്ള ഹോട്ടലിന് രണ്ട് ഭൂഗർഭ പാർക്കിംഗ് നിലകളടക്കം ആകെ 7നിലകളുണ്ടാവും. 33902 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീർണം. 3മാസത്തിനകം നിർമ്മാണക്കരാർ നൽകും. 300പേർക്ക് നേരിട്ടും 900പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഇപ്പോൾ ചെലവ് 136.31കോടിയാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും അന്തിമ ഡിസൈൻ വരുന്നതോടെ ചെലവ് 150 കോടിയിലേറെയാവും. മൂന്നുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് അനുമതിയിലുള്ളതെങ്കിലും ഒരുവർഷത്തിനകം നിർമ്മിക്കാനാണ് അദാനിയുടെ പദ്ധതി.
ഗുണങ്ങൾ
യാത്രക്കാർക്കും ജീവനക്കാർക്കുമെല്ലാം
വിമാനത്താവള പരിസരത്ത് താമസിക്കാം
സർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്താൽ
യാത്രക്കാരെയും പുതിയ ഹോട്ടലിലേക്ക് മാറ്റാം
വിഴിഞ്ഞം തുറമുഖത്ത് ക്രൂചേഞ്ച് സൗകര്യമൊരുങ്ങിയതോടെ
അവർക്കും ഈ ഹോട്ടലിൽ താമസിക്കാനാവും.
പുതിയ ടെർമിനലും വരുന്നു
1300കോടി ചെലവിൽ പുതിയ 'അനന്ത' ടെർമിനൽ നിർമ്മാണത്തിന്
പരിസ്ഥിതി അനുമതി നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്‌വേ ഒഫ് ഗുഡ്നസ്)
എന്ന രീതിയിലാണ് 'അനന്ത' ടെർമിനൽ അദാനി നിർമ്മിക്കുക.
അദാനി പ്രഖ്യാപിച്ചത് - ₹8707കോടി പദ്ധതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |