
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സാമ്പത്തിക സംവരണ വിഭാഗത്തിൽ അപേക്ഷിച്ച 140 വിദ്യാർത്ഥികൾ എൻ.ആർ.ഐ, മാനേജ്മെന്റ് ക്വാേട്ടയിൽ പ്രതിവർഷം ഒരു കോടി രൂപ വരെ ഫീസുള്ള കോഴ്സിന് ചേർന്നു. വാർഷിക വരുമാനം എട്ടു ലക്ഷത്തിന് താഴെയെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോടെ സാമ്പത്തിക സംവരണ ക്വോട്ടയിൽ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവരാണ് ഉയർന്ന ഫീസ് നൽകി മാനേജ്മെന്റ് ക്വോട്ടയിൽ ചേർന്നത്.
മെഡിക്കൽ കോളേജുകളിലെ 27,000 ഉദ്യോഗാർത്ഥികളുടെ ആദ്യ റൗണ്ട് അലോട്ട്‌മെന്റ് പൂർത്തിയായതോടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. സാമ്പത്തിക സംവരണ സീറ്റുകളിൽ അപേക്ഷിക്കുന്നവർ പ്രവേശന പരീക്ഷയ്‌ക്ക് മാർക്കു കുറഞ്ഞ് റാങ്കിംഗിൽ പിന്നാക്കം പോകുമ്പോഴാണ് ഉയർന്ന ഫീസ് നൽകി മറ്റു ക്വോട്ടകളിൽ ചേരുന്നത്.
1.10 ലക്ഷത്തിൽ താഴെ നീറ്റ് റാങ്കുള്ള ഒരു വിദ്യാർത്ഥി കർണാടകയിലെ ബെലഗാവിയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ എൻ.ആർ.ഐ ക്വാേട്ടയിൽ പ്രതിവർഷം ഒരു കോടിയിലധികം രൂപ ഫീസുള്ള ഡെർമറ്റോളജിയിൽ എംഡിക്ക് പ്രവേശനം നേടി. 84,000-ത്തിൽ താഴെ റാങ്കുള്ള മറ്റൊരു വിദ്യാർത്ഥി പുതുച്ചേരിയിലെ വിനായക മിഷൻസ് മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിനിൽ എംഡിക്ക് ചേർന്നത് പ്രതിവർഷം 55 ലക്ഷം രൂപ ഫീസുള്ള എൻ.ആർ.ഐ ക്വാേട്ടയിൽ.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സന്തോഷ് മെഡിക്കൽ കോളേജിൽ പ്രതിവർഷം 76 ലക്ഷം രൂപഫീസുള്ള റേഡിയോ ഡയഗ്നോസിസ്, 50 ലക്ഷം രൂപ ഫീസുള്ള ജനറൽ മെഡിസിൻ, ഒബ്‌സ്‌റ്റെട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ കോഴ്സുകളിൽ മൂന്ന് വിദ്യാർത്ഥികൾ പ്രവേശനം നേടി. നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ ബിരുദാനന്തര ബിരുദ കോഴ്സിനുള്ള 16 മാനേജ്മെന്റ് ക്വാേട്ടയിൽ നാലെണ്ണം സാമ്പത്തിക സംവരണ വിഭാഗത്തിൽ അപേക്ഷിച്ചവരാണ് എടുത്തത്. ഈ കോഴ്സിനുള്ള ട്യൂഷൻ ഫീസ് പ്രതിവർഷം 48.5 ലക്ഷം രൂപയാണ്. അതേ കോളേജിൽ 62.5 ലക്ഷം രൂപ ഫീസുള്ള എം.എസ്. ഓർത്തോപീഡിക്‌സിന് കോഴ്സിനും ഒരു വിദ്യാർത്ഥി ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |