കൊച്ചി: പ്രകൃതി ദുരന്തങ്ങളിൽനിന്ന് നഗരത്തെ സംരക്ഷിക്കാൻ രാജ്യത്തെ ആദ്യ ലോക്കൽ ഏരിയ പ്ലാനുമായി കൊച്ചി കോർപ്പറേഷൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണിത് തയ്യാറാക്കുന്നതെന്ന് മേയർ എം. അനിൽകുമാർ കൗൺസിലിൽ പറഞ്ഞു. സീഹെഡിനാണ് പദ്ധതിയുടെ ചുമതല. വൈറ്റില കേന്ദ്രീകരിച്ചായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുക. കേന്ദ്രസർക്കാരിന്റെയും കോർപ്പറേഷന്റെയും ഫണ്ട് ഉപയോഗിക്കും.
കൊച്ചി നേരിടുന്ന പാരിസ്ഥിതിക, ദുരന്തവിഷയങ്ങൾ അർബൻ കമ്മിഷന്റെ അടുത്ത സിറ്റിംഗിൽ അവതരിപ്പിക്കുമെന്ന് മേയർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പഠിക്കാനും നേരിടാനും നീക്കിവച്ചിരിക്കുന്ന ഏഴുകോടിയിൽനിന്ന് കൊച്ചിക്ക് പണം അനുവദിക്കാൻ ധനമന്ത്രിയോട് ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു. മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കി ലോക്കൽ ഏരിയ പ്ലാനുകൾ തയ്യാറാക്കാനും ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ കൗൺസിൽ ചർച്ചചെയ്യും.
പട്ടയത്തിനുള്ള അപേക്ഷകൾ ലഭിച്ചഉടൻ കൗൺസിലിലേക്ക് നൽകാൻ മേയർ നിർദ്ദേശിച്ചു. അപേക്ഷകൾക്കെല്ലാം നിരാക്ഷേപപത്രം നൽകുമെന്നും വ്യക്തമാക്കി.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മേയർ പറഞ്ഞു. ഉദ്യോഗസ്ഥരെ വിശ്വാസമാണ്. എന്നാൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് പരാതികൾ വരുന്നുണ്ട്. ഇത്തരം പരാതികൾ വിട്ടുവീഴ്ചയില്ലാതെ വിജിലൻസിന് കൈമാറും. സോണൽ ഓഫീസുകളിൽ കൺസൾട്ടന്റുമാർക്ക് ഇടം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.
മാലിന്യ സംസ്‌കരണരംഗത്ത് വലിയമാറ്റം കൊണ്ടുവരാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്. ചിലർ അത് പൊളിക്കാൻ നീക്കംനടത്തുന്നു. കഴിയാവുന്നിേടത്തോളം വികേന്ദ്രീകൃത മാലിന്യസംസ്കരണമാണ് വേണ്ടത്. ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചുനിൽക്കണം. അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കിയാൽ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ മനസിലാക്കണമെന്നും മേയർ പറഞ്ഞു.
വയനാടിന് ഒരുകോടിയുടെ സഹായം
ഉരുൾപൊട്ടലിൽ സർവതും നശിച്ച വയനാടിന് കൈത്താങ്ങായി കൊച്ചി കോർപ്പറേഷൻ. ദുരിതാശ്വാസ നിധിയിലേക്ക്
ഒരുകോടി രൂപയുടെ സഹായം നൽകാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. കൗൺസിലർമാരുടെ ഒരുമാസത്തെ ഓണറേറിയവും തനത് ഫണ്ടിൽനിന്നും ഉൾപ്പടെയാണ് ഒരുകോടി രൂപ നൽകാൻ തീരുമാനമായത്. തന്റെ ഒരുവർഷത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കൗൺസിലർ എം.എച്ച്.എം അഷ്റഫ് കൗൺസിലിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |