കൽപ്പറ്റ: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോഗികമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അദ്ധ്യാപക നിയമനം പി.എസ്. സിക്ക് വിടുന്നത് ചർച്ച ചെയ്തെടുക്കേണ്ട തീരുമാനമാണ്. പ്രത്യേകം ബോർഡ് നിയമിക്കണമെന്നതിൽ തീരുമാനമായില്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് ക്യാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ നടപടികൾ സ്വീകരിക്കാനാവൂ. സ്കൂൾ സമയത്തിലെ മാറ്റവും തത്കാലം പ്രായോഗികമല്ല. വിദഗ്ദ്ധരുമായി ചർച്ച ചെയ്ത ശേഷം കേരളത്തിലെ സാഹചര്യമനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി കളക്ടർമാരെ പുനർവിന്യസിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഭാഗമായി സ്ഥലംമാറ്രി നിയമിച്ചിരുന്ന റവന്യൂവകുപ്പിലെ 100 ഡെപ്യൂട്ടി കളക്ടർമാരെ പെരുമാറ്റച്ചട്ടം അവസാനിച്ചതിനാൽ പുനർവിന്യസിച്ച് സർക്കാർ ഉത്തരവായി.
എന്നാൽ മഴക്കെടുതികളുമായി ബന്ധപ്പെട്ടുള്ള ഡ്യൂട്ടികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ചുമതലകൾ പൂർത്തിയാക്കിയ ശേഷം വിടുതൽ വാങ്ങിയാൽ മതിയാവും.
വി.സി നിയമനം:
ഹർജി മാറ്റി
കൊച്ചി: സർവകലാശാലകളിൽ വി.സിമാരുടെ സ്ഥിരം നിയമനത്തിന് ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സെപ്തംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി. ഗവർണർ നിയോഗിച്ച സെർച്ച് കമ്മിറ്റികൾ സിംഗിൾബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യം അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് ഹർജികൾ മാറ്റിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ. മേരി ജോർജ് നൽകിയ ഹർജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
കേരളത്തിന് എയിംസ്: പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസിനെ അറിയിച്ചു. എയിംസ് ആവശ്യം കഴിഞ്ഞ ദിവസം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉയത്തിയെങ്കിലും മന്ത്രി വ്യക്തമായ മറുപടി നൽകാതിരുന്നത് ബഹളത്തിനും വാക്കൗട്ടിലും കലാശിച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങൾക്ക് 22 എയിംസ് അനുവദിച്ചതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കോഴിക്കോട് സ്ഥലം കണ്ടെത്തി പദ്ധതി സമർപ്പിച്ചെങ്കിലും പരിഗണിച്ചില്ല. കേരളത്തിന്റെ ആവശ്യത്തോട് വിവേചനപരമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.
വനിതാ ഡോക്ടറുടെ
എയർ പിസ്റ്റൾ കിട്ടി
കൊല്ലം:വഞ്ചിയൂരിൽ യുവതിയെ വെടിവയ്ക്കാൻ കൊല്ലത്തെ വനിതാ ഡോക്ടർ ഉപയോഗിച്ച എയർ പിസ്റ്രൾ കണ്ടെടുത്തു. വനിതാ ഡോക്ടർ ഭർത്താവിനൊപ്പം താമസിച്ചിരുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സിൽ നടത്തിയ തെളിവെടുപ്പിലാണ് അലമാരയിൽ പെട്ടിയിൽ സൂക്ഷിച്ചിരുന്ന തോക്ക്കണ്ടെത്തിയത്. തോക്ക് കോടതിയിൽ ഹാജരാക്കി ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വഞ്ചിയൂർ സി.ഐ ഷാനിഫ് പറഞ്ഞു.
രാവിലെ 10.45ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് 1 വരെ നീണ്ടു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ക്വാർട്ടേഴ്സിൽ നിന്ന് വനിതാ ഡോക്ടറുടെ വിരലടയാളങ്ങളും ശേഖരിച്ചു. അലമാരകളും മേശകളുമടക്കം പൊലീസ് പരിശോധിച്ചു. രണ്ട് ഇന്നോവ കാറുകളിലാണ് വനിതാ ഡോക്ടറുമായി പൊലീസ് എത്തിയത്. മാസ്ക് ധരിച്ചിരുന്ന വനിതാ ഡോക്ടർ കൂസലില്ലാതെ പൊലീസുകാർക്കൊപ്പം ക്വാർട്ടേഴ്സിലേക്ക് പോയി. കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച എറണാകുളത്തെ സ്ഥാപനത്തിലേക്ക് തെളിവെടുപ്പിന് പോകാൻ തിരിച്ച് കാറിൽ കയറും മുമ്പ് മാത്രമാണ് മാസ്ക് ഊരിയത്. വനിതാ ഡോക്ടർ പിടിയിലായതിന് പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടറായ ഭർത്താവ് ക്വാർട്ടേഴ്സിൽ നിന്ന് താമസം മാറിയിരുന്നു. ധികൃതരിൽ നിന്ന് താക്കോൽ വാങ്ങിയാണ് പൊലീസ് തെളിവെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |