മേപ്പാടി: ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടമായവർക്ക് പകരം കാർഡുകളുടെ വിതരണം തുടങ്ങി. ക്യാമ്പുകളിൽ കഴിയുന്ന ആളുകളിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ പുഞ്ചിരി മട്ടത്തെ മൂന്ന് പേർക്കും ചൂരൽമല നിവാസികളായ അഞ്ച് പേർക്കുമാണ് റവന്യു മന്ത്രി കെ. രാജൻ പുതിയ കാർഡുകൾ വിതരണം ചെയ്തത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് രേഖകൾ, തൊഴിൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ സമ്പൂർണ പുനരധിവാസം നൽകുന്നതിന്റെ ആദ്യപടിയാണ് റേഷൻ കാർഡ് വിതരണമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ വിവരശേഖരണം നടത്തി നഷ്ടപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ടവർക്ക് നൽകാൻ അദാലത്ത് മാതൃകയിൽ ഒരു ക്യാമ്പ് മേപ്പാടിയിൽ സംഘടിപ്പിക്കും. നഷ്ടപ്പെട്ട രേഖകൾ കൃത്യതയോടെ ലഭിക്കാനുള്ള സംവിധാനമൊരുക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മേപ്പാടി സെന്റ് ജോസഫ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, ഒ. ആർ. കേളു, ജില്ലാ സപ്ലൈ ഓഫീസർ ടി.ജെ. ജയദേവ്, ഭക്ഷ്യ കമ്മിഷൻ അംഗം വിജയലക്ഷ്മി, വൈത്തിരി അസി.താലൂക്ക് സപ്ലൈ ഓഫീസർ രാജേന്ദ്രപ്രസാദ്, റേഷനിംഗ് ഇൻസ്‌പെക്ടർ ടി.ആർ. ബിനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |