
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയിൽ ആക്രമണ ശ്രമത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചത് ജെഎഫ്-17 എന്ന അവരുടെ സ്വന്തം യുദ്ധവിമാനങ്ങളാണ്. ജമ്മുവിലും പഞ്ചാബിലും ആക്രമണത്തിന് ശ്രമിച്ചെങ്കിലും അതെല്ലാം അന്ന് ഇന്ത്യൻ സൈന്യം തകർത്തടുക്കി. ആദ്യകാലത്ത് ചൈനയോടൊപ്പവും പിന്നീട് അവരുടെ സഹകരണത്തോടെ തനിയെയും പാകിസ്ഥാൻ നിർമ്മിക്കുന്ന ഭാരംകുറഞ്ഞ ബഹുമുഖ യുദ്ധവിമാനമാണ് ജെഎഫ്-17. നൈജീരിയയടക്കം വിവിധ രാജ്യങ്ങളിൽ പാകിസ്ഥാൻ ജെഎഫ്-17 വിൽപന നടത്തിയിട്ടുണ്ട്.
തങ്ങളുടെ സൈനിക മികവിന്റെ ചിഹ്നമായി പാകിസ്ഥാൻ ഉയർത്തിക്കാട്ടിയ ജെഎഫ്-17 യുദ്ധവിമാനത്തിന്റെ ഉൽപാദനം കഴിഞ്ഞ 11 മാസമായി തീരെ കുറഞ്ഞു എന്ന വിവരമാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. പാകിസ്ഥാൻ എയറോനോട്ടിക്കൽ കോംപ്ളക്‌സ് (പിഎസി) കഴിഞ്ഞ ഒരുവർഷമായി പുതിയ ഒരു ജെഎഫ്-17 വിമാനം പോലും പുറത്തിറക്കിയില്ല എന്ന വിവരമാണ് ലഭിക്കുന്നത്.
തദ്ദേശീയ സൈനിക നിർമ്മാണശേഷിയുടെ പ്രതീകമായും പാക് വ്യോമസേനയുടെ അഭിമാനമായും പാക് സൈന്യം എടുത്തുകാട്ടിയ പദ്ധതി ഇപ്പോൾ നേരിടുന്നത് വലിയ തിരിച്ചടിയാണ്. പാക് സൈന്യത്തിന്റെ ആവശ്യത്തിനും ഓർഡറുകൾ ലഭിക്കുന്നതനുസരിച്ചും നിരവധി ജെഎഫ്-17 നിർമ്മിച്ച് നൽകിയ പിഎസി ഒരൊറ്റ യുദ്ധവിമാനം പോലും ഒരുവർഷത്തിനിടെ പണിതിറക്കിയില്ല.
വിദേശത്തുനിന്നും നിർണായകമായ നിർമ്മാണ ഘടകങ്ങളെ ആശ്രയിച്ചാണ് വിമാനം തയ്യാറാക്കുന്നത്. ജെഎഫ്-17 വിമാനങ്ങളുടെ ശക്തമായ എഞ്ചിൻ ആർഡി-93 ടർബോഫാൻ എഞ്ചിനുകളുടെ വിതരണം നടത്തുന്ന റഷ്യ അത് പുനഃരാരംഭിച്ചുകാണില്ല എന്ന് വിദഗ്ദ്ധർ ഇതിന് കാരണമായി പറയുന്നു. മിഗ്-29ലുപയോഗിക്കുന്ന ആർഡി-33 എഞ്ചിന്റെ വകഭേദമാണിത്. രാഷ്‌ട്രീയ കാരണങ്ങളാലാണ് പാകിസ്ഥാന് എഞ്ചിൻ ലഭിക്കാത്തത്.
അടുത്തിടെ അസർബേജാന് ജെഎഫ്-17എസ് വിമാനങ്ങൾ പാകിസ്ഥാൻ നൽകി. ഇത് പുതിയവ അല്ലെന്നും നേരത്തെ നിർമ്മിച്ച വിമാനങ്ങളാണെന്നും വിമർശനമുണ്ടായി. ചൈന ഈ വിമാനങ്ങളുടെ എഞ്ചിന് പകരം ഡബ്ളിയുഎസ്-13 എഞ്ചിൻ പ്രോഗ്രാം വഴി ജെഎഫ്-17 സ്വന്തമാക്കാൻ ഏറെ ശ്രമിച്ചിരുന്നു. എന്തുകൊണ്ട് വിമാനം നിർമ്മിക്കുന്നില്ല എന്ന് ഔദ്യോഗികമായി പാകിസ്ഥാനോ പാക് സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |