കോട്ടയം: ഇന്ത്യയിൽ നിന്നുള്ള കടൽച്ചെമ്മീൻ ഇറക്കുമതിയ്ക്ക് യു.എസ് ഏർപ്പെടുത്തിയ വിലക്ക് നീളുന്നത് കേരളത്തിലെ ചെമ്മീൻ മേഖലയുടെ തകർച്ചയ്ക്കിടയാക്കുന്നു. വലയിൽ കുരുങ്ങി കടലാമകൾ ചാകുന്നതിന്റെ പേരിലായിരുന്നു അമേരിക്കയുടെ നടപടി. എന്നാൽ കടലാമകളില്ലാത്ത കായലിലെ ചെമ്മീനിനും വിലക്ക് ബാധകമാക്കിയത് വേമ്പനാട്ടുകായലിൽ ചെമ്മീൻ കൊയ്ത്ത് നടത്തുന്ന മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി.
തണ്ണീർമുക്കം ബണ്ട് തുറന്ന് കിടക്കുന്നതിനാൽ ചെമ്മീൻ സുലഭമായി കിട്ടുന്നുണ്ട്. കിലോയ്ക്ക് 1000 രൂപ വരെ ഉയർന്ന കാര ചെമ്മീൻ വില നാലിലൊന്നായി. നാരൻ ചെമ്മീൻ വലുത് 700ൽ നിന്ന് 300 ആയി. ചൂടനും തെള്ളിയുമെല്ലാം കിലോക്ക് 100-150 രൂപ വരെ താഴ്ന്നു.
അമേരിക്കൻ മലയാളികൾക്ക് ഏറെ പ്രിയമായിരുന്നു കേരളത്തിലെ കായൽ - തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പിടിക്കുന്ന വിവിധ തരം ചെമ്മീൻ. കയറ്റുമതി നിരോധനം മത്സ്യ സംസ്കരണ തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിച്ചു.
മത്സ്യഫെഡ് വിപണി ഇടപെടൽ ശക്തമാക്കണം
മത്സ്യഫെഡ് അടിയന്തിര വിപണി ഇടപെടൽ നടത്തിയാൽ ന്യായവില ഉറപ്പാക്കാനാകുമെന്ന് തൊഴിലാളികൾ പറയുന്നു. കായലിൽ മറ്റു മീനുകളെ അപേക്ഷിച്ച് ചെമ്മീനാണ് കൂടുതൽ കിട്ടുന്നത്. വില കുറഞ്ഞതോടെ അദ്ധ്വാനത്തിനുള്ള പ്രതിഫലവും ലഭിക്കുന്നില്ല. ഇതിനിടയിലാണ് ചെമ്മീൻ നിരോധനം.
തീരദേശ സംസ്ഥാനങ്ങളിൽ മത്സ്യബന്ധനത്തിനിടെ വലകളിൽ കടലാമകൾ കുടുങ്ങുന്നതായി കാണാറില്ലെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തിട്ടും യു.എസിലെ ചെമ്മീൻ ഉത്പാദക സംഘടനകൾ അംഗീകരിച്ചില്ല. മത്സ്യ കയറ്റുമതിയിൽ പ്രതിവർഷം 67,000 കോടി രൂപയുടെ വിദേശനാണ്യം ഇന്ത്യയ്ക്ക് ലഭിക്കുന്നതിൽ 2,000 കോടി ചെമ്മീനിൽ നിന്നാണ്. സമുദ്രോത്പന്ന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഏഴാം സ്ഥാനത്താണ്. അമേരിക്കൻ നിരോധന മറവിൽ 41ശതമാനം വില കുറച്ചാണ് മറ്റ് രാജ്യങ്ങൾ ചെമ്മീൻ വാങ്ങുന്നത്.
കായൽ ചെമ്മീനും അമേരിക്ക വിലക്കേർപ്പെടുത്തിയത് നാടൻ ചെമ്മീന്റെ വിലയില്ലാതാക്കിയെന്ന് കായൽ മത്സ്യത്തൊഴിലാളിയായ ഗോവിന്ദൻ പറയുന്നു. വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. നിരവധിപ്പേരുടെ ജീവിതം ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |