കൊച്ചി: വയനാടിനെ സഹായിക്കാൻ എറണാകുളത്ത് തട്ടുകടയിട്ട് ഡി വൈ എഫ് ഐ. നടൻ സുബീഷ് സുധി അടക്കമുള്ളവർ പിന്തുണയുമായെത്തിയിട്ടുണ്ട്. ഓംലറ്റ് അടക്കമുള്ളവയാണ് വിളമ്പുന്നത്. കഴിച്ച ശേഷം പണമിടാനായി ഒരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഇഷ്ടമുള്ള പണം നിക്ഷേപിക്കാം. എറണാകുളം ടോൾ ജംഗ്ഷനിലാണ് തട്ടുകട തുടങ്ങിയിരിക്കുന്നത്.
'നമ്മൾ ഒരുപാട് ദുരിതങ്ങൾ കണ്ടവരാണ്. മലയാളി സമൂഹം ഉള്ളിടത്തോളം കാലം, ഈ തലമുറ ഉള്ളിടത്തോളം കാലം ഒരിക്കലും മുണ്ടക്കൈയും ചൂരൽമലയും നമ്മുടെ മനസിൽ നിന്ന് വിട്ടുപോകില്ല. കാരണം, എനിക്ക് അതിഭയങ്കരമായ ബന്ധമുള്ള നാടാണ് വയനാട്. നിഷ്‌കളങ്കരായ മനുഷ്യരാണ്. ഞാൻ ആ സ്ഥലത്തേക്ക് പോയിട്ടുണ്ട്. ജീവിതത്തിൽ ഇനി ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. അവർ സാധാരണ ജീവിതത്തിലേക്ക് വരുന്നതുവരെ അവരുടെ കൂടെ നിൽക്കേണ്ടത് മലയാളികളുടെ ഉത്തരവാദിത്തമാണ്.'- നടൻ സുബീഷ് സുധി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, വയനാടിനെ സഹായിക്കാനായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടി അനശ്വര രാജൻ രണ്ട് ലക്ഷം രൂപ നൽകി. പ്രഭാസ് രണ്ട് കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്തിട്ടുണ്ട്. മോഹൻലാലും, മമ്മൂട്ടിയും, ജയറാമും, മഞ്ജു വാര്യരും, സൂര്യയും, ജ്യോതികയും നവ്യാ നായരും, അല്ലു അർജുനും, ദുൽഖറും പേളി മാണിയും അടക്കമുള്ള താരങ്ങളും നേരത്തെ സംഭവന നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |