കൊച്ചി: മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനം കേരളത്തിന് പിടിവള്ളിയായി. ഇരുസംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമായി തമിഴ്നാട് സമർപ്പിച്ച ഹർജിയിലാണ് കേരളത്തിന് അനുകൂലമായ നടപടി.
അണക്കെട്ടിന്റെ സുരക്ഷ, കരാറിന്റെ സാധുത എന്നിവയൊക്കെ ചൂടേറിയ ചർച്ചയാകുമ്പോഴൊന്നും കേരളം മുൻകൈയെടുത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നില്ല. 2006ൽ കേരളത്തിന് എതിരായ ആദ്യ സുപ്രീംകോടതി വിധിക്ക് ആധാരമായ ഹർജി പോലും മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരിൽ സ്വകാര്യവ്യക്തികൾ നൽകിയതായിരുന്നു. വിധി തമിഴ്നാടിന് അനുകൂലമായെങ്കിലും നടപ്പായില്ല.
2006 മാർച്ചിൽ കേരളം ഡാംസുരക്ഷാ നിയമം ഭേദഗതി ചെയ്തത് സുപ്രീംകോടതി വിധി മറികടക്കാനാണെന്ന വാദവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് തീർപ്പാക്കി 2014 മേയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും കേരളത്തിന് എതിരായിരുന്നു. എന്നിട്ടും കേരളം പുനപ്പരിശോധനാ ഹർജിയുടെ സാദ്ധ്യത പോലും പരിശോധിച്ചില്ല.
അതിനിടെയാണ് തമിഴ്നാട് നൽകിയ ഒ.എസ്. 4/2014 എന്ന മറ്റൊരു ഹർജിയിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന തീരുമാനമുണ്ടായത്. അനുകൂലമായ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചാൽ ചിലപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലായേക്കും.
മൈതാനം സ്വന്തമാക്കാനുള്ള ഹർജിയിൽ തിരിച്ചടി
പെരിയാർ കടുവാസങ്കേതത്തിന്റെ പ്രവേശന കവാടമായ കുമളി ആനവച്ചാൽ മൈതാനത്ത് വനംവകുപ്പ് നിർമ്മിച്ച വാഹന പാർക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. 1886ലെ പാട്ടക്കരാർ വ്യവസ്ഥയനുസരിച്ച് ഗ്രൗണ്ട് തങ്ങളുടേതാണെന്നും കേരള വനംവകുപ്പ് കൈയേറിയെന്നുമാണ് തമിഴ്നാടിന്റെ വാദം.
ഈ പാട്ടക്കരാർ തന്നെ അസാധുവാണെന്നാണ് കേരളത്തിന്റെ നിലപാട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മദിരാശി സർക്കാരും നാട്ടുരാജ്യമായ തിരുവിതാംകൂറും തമ്മിൽ 1886 ഒക്ടോബർ 29ന് ഒപ്പുവച്ചതാണ് 999 വർഷത്തെ പാട്ടക്കരാർ. 2014ൽ ഒ.എസ്.3/2006 എന്ന കേസിൽ മുല്ലപ്പെരിയാർ പാട്ടക്കരാർ നിലനിൽക്കുമെന്ന് ഭരണഘടനാ ബഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയും കേരളം റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തിരുന്നില്ല.
മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാടിന്റെ പരിശോധന
മുല്ലപ്പെരിയാർ വിഷയം കേരളത്തിൽ ചർച്ചയാകുന്നതിനിടെ അണക്കെട്ടിൽ തമിഴ്നാട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മധുര സോൺ ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർ എസ്. രമേശിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ ഡാമിലെത്തിയത്. പെരിയാർ അണക്കെട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ട് പ്രദേശത്ത് വെള്ളപ്പൊക്ക സമയത്ത് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ഉദ്യോഗസ്ഥർ വിലയിരുത്തി. ഡാം സൂപ്രണ്ടിംഗ് എൻജിനിയർ സാം ഇർവിൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കുമാർ, അസിസ്റ്റന്റ് എൻജിനിയർമാരായ രാജഗോപാൽ, പാർഥിബൻ, ബാലശേഖരൻ, നവീൻ കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 865 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. 132.2 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ട് പോയി തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് കനാലിലൂടെയും പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയുമായി 1400 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇന്നലെ തേക്കടിയിൽ 3.6 മില്ലിമീറ്ററും മുല്ലപ്പെരിയാർ അണക്കെട്ടിൽ 2.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |