ഇടുക്കി : ശക്തമായ മഴയെ തുടർന്ന് ജലനിരപ്പുയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. രാവിലെ 10 മണിക്ക് ഷട്ടറുകൾ ഉയർത്തും. പരമാവധി ആയിരം ഘനയടി വെള്ളം തുറന്നുവിടും. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായും കളക്ടർ പറഞ്ഞു.
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരുന്നു. നിലവിൽ 135.95 ആണ് ജലനിരപ്പ്. എന്നാൽ രാത്രിയോടെ ജലനിരപ്പ് 136 അടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നിലവിൽ പെരിയാറിൽ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാറിന്റെ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെനാണ് വിലയിരുത്തൽ. മുൻകരുതൽ നടപടികളുടെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കിൽ പ്രദേശവാസികൾക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |