കൊല്ലം: സ്വകാര്യ ബാങ്ക് മാനേജരായ സരിതയും എക്സിക്യുട്ടീവായ അനൂപും മോഹപ്പലിശ നൽകിയാണ് റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായ പാപ്പച്ചനെ വലയിലാക്കിയത്. ബ്രാഞ്ചിന്റെ ബിസിനസ് ഗ്രോത്തായിരുന്നു ആദ്യ ലക്ഷ്യം.
സ്വന്തം കീശ നിറയ്ക്കാനുള്ള ആർത്തി മൂത്തതോടെയാണ് ഇരുവരും പാപ്പച്ചനെ കബിളിപ്പിച്ച് പണം തട്ടിത്തുടങ്ങിയത്. പാപ്പച്ചനെ വകയിരുത്തി തട്ടിയെടുത്ത ലക്ഷങ്ങളുമായി സുഖമായി ജീവിക്കാമെന്നായിരുന്നു ഇരുവരുടെയും സ്വപ്നം. എന്നാൽ അപ്രതീക്ഷിതമായാണ് സർവ തെളിവുകളും ശേഖരിച്ച് സരിതയെയും അനൂപിനെയും തേടിയെത്തിയത്.
ആദ്യം 36 ലക്ഷം
കഴിഞ്ഞ ഫെബ്രുവരിയിൽ അപ്രതീക്ഷിതമായാണ് സരിത മാനേജരായ നഗരത്തിലെ സ്വകാര്യ ബാങ്കിലേക്ക് പാപ്പച്ചൻ 36 ലക്ഷവുമായെത്തിയത്. പാപ്പച്ചനുമായി സംസാരിച്ചപ്പോൾ 90 ലക്ഷം രൂപയോളം കൈവശമുണ്ടെന്ന് മനസിലായി. ഒരു ദിവസം പാപ്പച്ചൻ ഉണർന്നപ്പോൾ സരിതയും അനൂപും വീടിന് മുന്നിൽ നിൽക്കുന്നു. കൂടുതൽ നിക്ഷേപം സമാഹരിച്ച് പ്രമോഷനായിരുന്നു ഇരുവരുടെയും ലക്ഷ്യം. കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞതോടെ പാപ്പച്ചൻ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന പണം പിൻവലിച്ച് നൽകാമെന്ന് സമ്മതിച്ചു. പലഘട്ടങ്ങളിലായി ആകെ 76 ലക്ഷം രൂപ നിക്ഷേപിച്ചു.
പാപ്പച്ചനറിയാതെ ലോൺ
പാപ്പച്ചനെ കബിളിപ്പിച്ച് പണം തട്ടാൻ തീരുമാനിച്ച അനൂപും സരിതയും മൂന്ന് ബ്ലാങ്ക് ചെക്കുകൾ തന്ത്രപൂർവ്വം കൈക്കലാക്കി. ഈ ചെക്ക് ഉപയോഗിച്ച് അനൂപും സരിതയും ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് ആറ് ലക്ഷം രൂപയും ലോണെടുത്തു. അതിന് ശേഷം മറ്റൊരു ബാങ്കിൽ പാപ്പച്ചന്റെ പേരിൽ കിടന്ന 14 ലക്ഷം രൂപ മൂന്നുപേരും പോയി പണമായി പിൻവലിച്ചു. ഈ തുക ഏഴ് ലക്ഷം രൂപയുടെ രണ്ട് ഡിപ്പോസിറ്റുകളാക്കിയതായി പാപ്പച്ചനെ വിശ്വസിപ്പിച്ച ശേഷം തട്ടിയെടുത്തു. പാപ്പച്ചന് ടെമ്പററി റെസീപ്ട് എഴുതി നൽകി. പിന്നീട് മറ്റൊരു ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ പിൻവലിപ്പിച്ച് തട്ടിയെടുത്തു. ഇങ്ങനെ ഏകദേശം 50 ലക്ഷം തട്ടിയെടുത്തുവെന്നാണ് പ്രാഥമിക നിഗമനം.
കണക്കുകൂട്ടലുകൾ തെറ്റിച്ച് പാപ്പച്ചൻ
പാപ്പച്ചൻ പ്രതിമാസ പലിശയും അക്കൗണ്ട് സ്റ്റേറ്റ്മെന്റും ആവശ്യപ്പെട്ടതോടെ പരസ്പരം തെറ്റി. കബിളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിന്റെ അധികൃതർക്ക് പരാതി നൽകി.
അനിമോന്റെ രംഗപ്രവേശം
പാപ്പച്ചന്റെ പരാതിയിൽ ജോലി പോയി നിൽക്കുകയായിരുന്നു സരിതിയും അനൂപും. ഇതിനിടയിൽ പണം ആവശ്യപ്പെട്ട് പാപ്പച്ചൻ നിരന്തരം വിളിച്ചു. ഇതോടെ നേരത്തെ മറ്റൊരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന അനിമോനെ സരിത വിളിച്ചു. ഒരാളെ തട്ടണമെന്നും മകൻ തന്നെയാണ് ക്വട്ടേഷൻ നൽകിയിരിക്കുന്നതെന്നും സരിത അനിമോനോട് പറഞ്ഞു. പിശുക്കനായ അച്ഛൻ തന്റെ സുഹൃത്തായ മകന് സ്വത്തൊന്നും നൽകുന്നില്ലെന്നും അനിമോനെ ധരിപ്പിച്ചു.
പ്ലാനിംഗ് മേയ് 18ന്
മേയ് 18ന് സരിത ആശ്രാമത്തേക്ക് അനിമോനെ വിളിച്ചുവരുത്തി. ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ സുഹൃത്തായ മാഹീന്റെ സഹായം തേടി. ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടു. ദിവസങ്ങളോളം പാപ്പച്ചന്റെ വീട്ടുപരിസരത്ത് ഓട്ടോറിക്ഷയിൽ കറങ്ങി. മഴയായതിനാൽ ഈ ദിവസങ്ങളിൽ പാപ്പച്ചൻ കാര്യമായി പുറത്തേക്ക് ഇറങ്ങിയില്ല.
പറ്റില്ലെങ്കിൽ വേറെ ആളെ നോക്കാം
22ന് വൈകിട്ട് അനിമോനെ വിളിച്ച് സരിത ക്ഷുഭിതയായി. പറ്റില്ലെങ്കിൽ പറയണമെന്നും വേറെ ആളെനോക്കാമെന്നും പറഞ്ഞു. അഡ്വാൻസായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. പിന്നീട് ഓട്ടോറിക്ഷയ്ക്ക് പകരം കാർ സംഘടിപ്പിക്കാൻ സരിത നിർദ്ദേശിച്ചു. പാപ്പച്ചനെ താൻ ആശ്രാമത്ത് എത്തിച്ചുനൽകാമെന്നും പറഞ്ഞു. അങ്ങനെ അനിമോൻ സുഹൃത്തായ ഹാഷിഫിൽ നിന്ന് കാർ വാടയക്കെടുത്ത് 23ന് രാവിലെ ആശ്രാമത്ത് എത്തി. സരിത പറഞ്ഞത് വിശ്വസിച്ച് പണം കിട്ടുമെന്ന പ്രതീക്ഷയിൽ പാപ്പച്ചൻ സൈക്കിളിൽ ആശ്രാമത്തേക്ക് എത്തി. ഇടയ്ക്ക് വച്ച് ബൈക്കിൽ അനൂപും പാപ്പച്ചനൊപ്പം കൂടി. കാറിന് അടുത്ത് എത്തിയതോടെ അനൂപ് വേഗത്തിൽ മുന്നോട്ടുപോയി.
രക്ഷാപ്രവർത്തകനായി മാഹീൻ
അനിമോൻ പാപ്പച്ചനെ ഇടിച്ചുവീഴ്ത്തിയതോടെ റോഡിന്റെ മറുവശത്ത് ഓട്ടോറിക്ഷയിൽ കാത്തുകിടന്ന മാഹീൻ ഒന്നുമറിയാത്ത പോലെ സ്ഥലത്തെ ആളുകളെ വിളിച്ചുകൂട്ടി ആംബുലൻസിൽ കയറ്റി പാപ്പച്ചനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
18.5 ലക്ഷമായ ക്വട്ടേഷൻ
2 ലക്ഷം രൂപയായിരുന്നു ആദ്യം ഉറപ്പിച്ച ക്വട്ടേഷൻ തുക. പിന്നീട് കേസ് നടത്താനെന്ന പേരിൽ പലപ്പോഴായി അനൂപ്, സരിത എന്നവരിൽ നിന്ന് 18.5 ലക്ഷം കൂടി അനിമോൻ വാങ്ങിയെടുത്തു.
സ്വയം കുടുങ്ങി ഹാഷിഫ്
കൊലപാതകത്തിൽ പങ്കില്ലാഞ്ഞ ഹാഷിഫ് കേസിൽ സ്വയം കുടുങ്ങുകയായിരുന്നു. അനിമോനുമായുള്ള സംഭാഷണത്തിൽ കാർ അപകടം ക്വാട്ടേഷനായിരുന്നുവെന്ന് മനസിലാക്കിയ ഹാഷിഫ് സരിതയെ ഭീഷണിപ്പെടുത്തി പലപ്പോഴായി മൂന്ന് ലക്ഷം വാങ്ങുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിൽക്കുകയാണെന്നും ഇപ്പോൾ കയറി സംഭവം വെളിപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണി.
കുടുക്കിയത് ഫോൺ വിളി
മരണത്തിൽ സംശയം പ്രകടിപ്പിച്ച് പാപ്പച്ചന്റെ മകൾ പരാതി നൽകിയതിന് പിന്നാലെ അനിമോനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. അനിമോന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ സരിതയെ വിളിച്ചിരിക്കുന്നതായി കണ്ടെത്തി. തൊട്ടുപിന്നാലെ അനിമോന്റെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ സരിത 50000 രൂപ കൈമാറിയിരിക്കുന്നതായും കണ്ടെത്തി. പിന്നീട് അനിമോന്റെ പഴയ ഫോൺ നമ്പരിലെ വിളികൾ പരിശോധിച്ചപ്പോൾ സരിത, അനൂപ് എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
പാപ്പച്ചന് ഇഷ്ടം സൈക്കിൾ
പാപ്പച്ചന് സൈക്കിൾ ഏറെ ഇഷ്ടമായിരുന്നു. ഏറെ പ്രായമായെങ്കിലും എത്ര ദൂരം വേണമെങ്കിലും അദ്ദേഹം സൈക്കിൾ ചവിട്ടി പോകുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |