ബറേലി: കഴിഞ്ഞ ഒരു വർഷമായി ഉത്തർപ്രദേശിലെ ബറേലിയിൽ സ്‌ത്രീകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. ഒറ്റയ്‌ക്ക് ജോലി ചെയ്യുകയോ വനത്തിൽ പോവുകയോ ചെയ്യുന്ന സ്‌ത്രീകൾ അപ്രത്യക്ഷരാവുകയാണ് ഇവിടെ. പിന്നീട് പല സ്ഥലങ്ങളിൽ നിന്നായി അവരുടെ മൃതദേഹങ്ങൾ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്താറാണ് പതിവ്.
42നും 60നും മദ്ധ്യേ പ്രായമുള്ള ഒമ്പത് സ്‌ത്രീകളാണ് കഴിഞ്ഞ 13 മാസത്തിനിടെ കൊലചെയ്യപ്പെട്ടത്. ഒടുവിൽ മാസങ്ങൾക്ക് ശേഷം പ്രതിയെ ഉത്തർപ്രദേശ് പൊലീസ് കണ്ടെത്തി. 38കാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറാണ് ഈ ക്രൂര കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ. ഓപ്പറേഷൻ തലാഷിലൂടെയാണ് പ്രതിയെ കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് കൊലപാതകങ്ങൾ ചെയ്‌തതായി പ്രതി സമ്മതിച്ചു. എന്നാൽ, ഇയാൾ വേറെയും മൂന്ന് കൊലപാതകങ്ങൾ ചെയ്‌തതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.
2023 ജൂണിനും 2024 ജൂലായ്‌ക്കും ഇടയിലാണ് ബറേലിയിൽ ഈ കൊലപാതകങ്ങളെല്ലാം നടന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ നിൽക്കുന്ന മദ്ധ്യവയസ്‌കരായ സ്‌ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ഈ സ്‌ത്രീകളെ ലൈംഗിക ആവശ്യത്തിനായി ഇയാൾ സമീപിക്കും. എതിർക്കുന്നവരെ ഇയാൾ കഴുത്ത് ഞെരിച്ച് കൊല്ലുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, ഇയാൾ കൊലപ്പെടുത്തിയ സ്‌ത്രീകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയിട്ടില്ല. ഗാംഗ്‌വാറിന്റെ കയ്യിൽ നിന്നും ഇരകളുടെ തിരിച്ചറിയൽ കാർഡ്, പൊട്ട്, ലിപ്‌സ്റ്റിക്ക് തുടങ്ങിയ സാധനങ്ങൾ പൊലീസ് കണ്ടെടുത്തു.
ഗാംഗ്‌വാറിന്റെ കുട്ടിക്കാലത്തുണ്ടായ അനുഭവമാണ് അയാളെ കൊലപാതകിയാക്കി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അമ്മ ജീവിച്ചിരിക്കെ ഇയാളുടെ അച്ഛൻ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചു. തുടർന്ന് രണ്ടാനമ്മയിൽ നിന്നുമുണ്ടായ മാനസിക - ശാരീരിക പീഡനം കാരണം ഇയാൾ മറ്റ് സ്‌ത്രീകളെ വെറുക്കാൻ തുടങ്ങി. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |