തിരുവനന്തപുരം: പരീക്ഷകളുടെ പേരിൽ സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ നഷ്ടമാകുന്നുവെന്നും അതിനാൽ പരീക്ഷകൾ ഏപ്രിലിൽ നടത്തുന്നത് ആലോചിക്കണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. 'മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം' എന്ന പേരിലുള്ള റിപ്പോർട്ട് സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും അതിലെ ഉള്ളടക്കങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഏപ്രിലിൽ നടത്തുന്നത് ആലോചിക്കണം. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പരീക്ഷകൾ നടത്തണം. പത്താം ക്ളാസ്, പ്ളസ് ടു വിദ്യാർത്ഥികളെ ഇടകലർത്തി പരീക്ഷ ക്രമീകരിച്ച് പരീക്ഷാദിനങ്ങൾ കുറയ്ക്കണം. വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടാത്ത ഏത് അവധിക്കും പകരം പഠനദിനം ഉറപ്പാക്കണം. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി തുടങ്ങിയവ പ്രവൃത്തി ദിനങ്ങളായി പരിഗണിക്കാം. ഈ ദിനങ്ങളുടെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്ന പഠനപ്രവർത്തനങ്ങൾ നടത്താമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
ഹയർ സെക്കൻഡറിയിൽ അഴിച്ചുപണി നടത്തണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പ്ളസ് വൺ, പ്ളസ് ടു ക്ളാസുകളിൽ നിലവിൽ 65 കുട്ടികളെവരെയാണ് പ്രവേശിപ്പിക്കുന്നത്. ഇത് ശരിയല്ലെന്ന് റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. ഒരു ക്ളാസിൽ 50 കുട്ടികൾവരെ മതിയെന്നത് പാലിക്കപ്പെടുന്നില്ല. ഹയർ സെക്കൻഡറി ക്ളാസുകളിൽ 45 കുട്ടികൾ മതിയെന്നാണ് സമിതിയുടെ ശുപാർശ. ഇപ്പോഴുള്ള 65 കുട്ടികൾ എന്ന രീതി ഘട്ടംഘട്ടമായി കുറയ്ക്കണം. നിലവിലെ നാലുകോർ വിഷയങ്ങൾ മൂന്നാക്കി പഠനഭാരം കുറയ്ക്കാമെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |