കല്പറ്റ : വയനാട് ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി കാണണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു, സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള സഹായങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. അഞ്ചുപേർ അടങ്ങുന്ന വിദഗ്ദ്ധ സംഘം ഉരുൾപൊട്ടലുണ്ടായ ചൂരൽമല,. മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കമുള്ള പ്രദേശങ്ങൾ സന്ദർശിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
തെരച്ചിൽ , കെട്ടിടാവശിഷ്ടം നീക്കൽ, ക്യാമ്പുകൾ തുടരാനമുള്ള സഹായം എന്നിവ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പുനർനിർമ്മാണം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ സഹായം നൽകുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ഉപസമിതി വ്യക്തമാക്കി,
ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ കൂടുതൽ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നൽകും. നാളെ ജനകീയ തെരച്ചിലിനൊപ്പം മറ്റ് തെരച്ചിലും നടത്തും. തിങ്കളാഴ്ച ഡൗൺസ്ട്രീം കേന്ദ്രീകരിച്ച് പൂർണ തെരച്ചിലുണ്ടാകുമെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു.
ആയിരക്കണക്കിന് കോടിയുടെ നാശമാണുണ്ടായത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സംസ്ഥാനത്തിന് വലിയ ആഘാതമാണ്. ഇതിന്റെ ഫലമാണ് അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ. ഇക്കൊല്ലത്തെ ഉഷ്ണതാപം ചരിത്രത്തിലാദ്യമാണ്. ഇത്തരം പ്രകൃതിക്ഷോഭങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ കേരളത്തിന് വേണം.
ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, ഇന്ത്യ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റ്, നാഷണൽ സീസ്മിക് സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്പെഷ്യൽ സെന്ററുകളും ആധുനിക സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണം. കാലാവസ്ഥാ നിരീക്ഷണത്തിനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. കാലാവസ്ഥ പഠനത്തിന് കോട്ടയത്ത് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന് കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണ വേണമെന്നും മുഖ്യമന്ത്രി ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |