കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ കൊച്ചിയില്‍ നിന്ന് മുംബയിലേക്ക് പോകാനിരുന്ന യാത്രക്കാരന്‍ നെടുമ്പാശേരിയില്‍ അറസ്റ്റിലായി. എയര്‍ ഇന്ത്യയുടെ കൊച്ചി - മുംബയ് വിമാനത്തില്‍ യാത്രചെയ്യാനിരുന്ന മനോജ് കുമാര്‍ (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ ഇയാള്‍ ഉപയോഗിച്ച വാക്കുകളാണ് അറസ്റ്റിലേക്ക് നയിച്ചത്. 'ഭയപ്പെടുത്തുന്ന പ്രസ്താവന' നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനെതിരായ നടപടി.
യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാപരിശോധന നടക്കുമ്പോഴാണ് സംഭവം. സെക്യൂരിറ്റി ചെക്കിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥനോട് 'എന്റെ ബാഗിലെന്താ ബോംബുണ്ടോ?' എന്ന് ഇയാള്‍ ചോദിച്ചിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. തുടര്‍ന്ന് ബാഗ് വിശദമായി പരിശോധിച്ച ശേഷം മറ്റ് കുഴപ്പങ്ങളില്ലെന്ന് കണ്ടെത്തിയെങ്കിലും മനോജിനെ ലോക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു. താന്‍ ഒരു തമാശരൂപേണ പറഞ്ഞതാണെന്ന് പൊലീസിനോട് ഇയാള്‍ പറഞ്ഞു.
പിന്നീട് മറ്റ് സുരക്ഷാപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കൃത്യസമയത്ത് തന്നെ വിമാനം പുറപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസവും സമാനമായ സംഭവം കൊച്ചി വിമാനത്താവളത്തില്‍ നടന്നിരുന്നു. ലഗേജില്‍ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂര്‍ വൈകിയാണ്. ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബാണെന്ന് പറഞ്ഞത്.
സ്വാതന്ത്ര്യദിനം മുന്‍നിര്‍ത്തി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ട സുരക്ഷാ പരിശോധനകള്‍ക്കുശേഷം വിമാനത്തില്‍ കയറും മുന്‍പുള്ള സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയുമുണ്ട്. വിമാനക്കമ്പനി ജീവനക്കാരാണ് ഇവിടെ പരിശോധന നടത്തുന്നത്. കര്‍ശനമായ സുരക്ഷാ നടപടികള്‍ക്ക് ശേഷം യാതൊരു അപകട സാദ്ധ്യതകളുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഒരോ വിമാനങ്ങളും ടേക്കോഫ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |