തിരുവനന്തപുരം: മമ്മൂട്ടി മികച്ച നടനുള്ള ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങളുടെ ഫൈനൽ റൗണ്ടിലെത്തി. ദേശീയ പുരസ്‌കാരത്തിൽ കന്നഡ താരം ഋഷഭ് ഷെട്ടിയും, സംസ്ഥാനത്ത് പൃഥ്വിരാജുമാണ് മമ്മൂട്ടിക്ക് വെല്ലുവിളിയാകുക. രണ്ട് പുരസ്കാരങ്ങളും ഈ ആഴ്ച പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ വർഷം മമ്മൂട്ടിക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കത്തിനൊപ്പം നിസാം ബഷീർ ഒരുക്കിയ റോഷാക്കുമാണ് ദേശീയ തലത്തിൽ പരിഗണിക്കുന്നത്. 'കാന്താര"യിലെ പ്രകടനമാണ് ഋഷഭ് ഷെട്ടിയെ മമ്മൂട്ടിക്കൊപ്പമെത്തിച്ചത്.
മമ്മൂട്ടി അഭിനയിച്ച ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദി കോർ", റോബി വർഗീസ് രാജിന്റെ 'കണ്ണൂർ സ്‌ക്വാഡ്" എന്നീ ചിത്രങ്ങളാണ് സംസ്ഥാനതലത്തിൽ പരിഗണിക്കുന്നത്. ബ്ലസി സംവിധാനം ചെയ്ത 'ആടുജീവിത"ത്തിലെ അഭിനയമാണ് പൃഥ്വിരാജിനെ സംസ്ഥാന പുരസ്‌കാരത്തിന്റെ ഫൈനൽ റൗണ്ടിലെത്തിച്ചത്. 2022ലെ ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന പുരസ്‌കാരത്തിന് പരിഗണിക്കുക.
മികച്ച നടി മുന്നിൽ ഉർവശി
'ഉള്ളൊഴുക്കി"ലെ അഭിനയമികവിലൂടെ ഉർവശിയാണ് സംസ്ഥാനത്തെ മികച്ച നടിക്കുള്ള പുരസ്കാര മത്സരത്തിൽ മുന്നിലുള്ളത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് പാർവതി തിരുവോത്തും 'നേരി"ലെ പ്രകടനത്തിലൂടെ അനശ്വര രാജനും അവസാനറൗണ്ടിലുണ്ട്. മികച്ച ചിത്രം, സംവിധാനം, തിരക്കഥ അവാർഡുകൾക്ക് ബ്ലെസിയുടെ ആടുജീവിതം, ജൂഡ് ആന്തണി ജോസഫിന്റെ 2018, റോബി വർഗീസ് രാജ്ന്റെ കണ്ണൂർ സ്‌ക്വാഡ്, ജിയോ ബേബിയുടെ കാതൽ ദി കോർ, രോഹിത് എം.ജി. കൃഷ്ണന്റെ ഇരട്ട എന്നിവരാണ് മുൻ നിരയിൽ. മികച്ച സംഗീത സംവിധായകനുള്ള മത്സരത്തിൽ ആടുജീവിതത്തിലൂടെ എ.ആർ. റഹ്മാനും മത്സരരംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |