വിശ്വകായിക വിഹായസിലെ വർണവിസ്മയങ്ങൾ വിടർന്നാടിയ പകലിരവുകൾക്കൊടുവിൽ പാരീസിൽ 33-ാമത് ഒളിമ്പിക്സിന് പര്യവസാനമായി. അവസാന ദിവസത്തെ അവസാന മത്സരത്തിന്റെ അവസാന നിമിഷം ഒരൊറ്റ പോയിന്റ് വ്യത്യാസത്തിൽ വിജയം നേടിയ വനിതാ ബാസ്കറ്റ്ബാൾ ടീമിലൂടെ അമേരിക്ക ഒളിമ്പിക് ചാമ്പ്യൻപട്ടം നിലനിറുത്തി. ആദ്യ ദിവസം മുതൽ മുന്നിലായിരുന്ന ചൈനയെ മറികടക്കാൻ അവസാനനിമിഷംവരെ അമേരിക്ക പുറത്തെടുത്ത മത്സരവീര്യം തന്നെയാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഈ ഒളിമ്പിക്സിൽ നിന്ന് പഠിക്കാനുള്ള വലിയ പാഠം. ഒരു വെള്ളിയും അഞ്ച് വെങ്കലങ്ങളും ഉൾപ്പടെ ആറു മെഡലുകളാണ് ഇക്കുറി ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നേടാനായത്. ടോക്യോയിൽ സ്വർണമെഡൽ ജേതാവായിരുന്ന ജാവലിൻതാരം നീരജ് ചോപ്രയാണ് ഇത്തവണ വെള്ളി നേടിയത്. ഷൂട്ടിംഗിൽ നിന്ന് ലഭിച്ച മൂന്ന് മെഡലുകളിൽ രണ്ടിലും വനിതാതാരം മനു ഭാക്കറിന്റെ വിരൽപ്പാടുണ്ടായിരുന്നു. സ്വപ്നിൽ കുശാലെയാണ് ഷൂട്ടിംഗിലെ മറ്റൊരു മെഡലിസ്റ്റ്. പുരുഷ ഹോക്കി ടീം ടോക്യോയിലെ വെങ്കലമെഡൽ നിലനിറുത്തി, പി.ആർ ശ്രീജേഷിന് ഉചിതമായ യാത്രഅയപ്പ് നൽകി. ഗുസ്തിയിൽ അമൻ ഷെറാവത്ത് ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ മെഡലിസ്റ്റ് എന്ന റെക്കാഡോടെ വെങ്കലമണിഞ്ഞു.
ടോക്യോയിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാലുവെങ്കലങ്ങളുമടക്കം ഏഴു മെഡലുകൾ നേടിയിരുന്ന ഇന്ത്യ മെഡൽപ്പട്ടികയിൽ 48-ാം സ്ഥാനത്തായിരുന്നു. പാരീസിൽ പൊന്നില്ലാത്തതുകൊണ്ടുതന്നെ 71-ാം സ്ഥാനക്കാരാകേണ്ടിവന്നു. പത്തുമെഡലുകൾ പ്രതീക്ഷിച്ചാണ് ഇന്ത്യ പാരീസിലേക്ക് 117 അംഗസംഘത്തെ അയച്ചത്. 470 കോടി രൂപയാണ് ഒളിമ്പിക്സിനായി കേന്ദ്രസർക്കാർ ചെലവിട്ടത്. കായികതാരങ്ങൾക്ക് സ്വദേശത്തും വിദേശത്തുമായി പരിശീലനം നടത്താനും മത്സരങ്ങളിൽ പങ്കെടുക്കാനും സൗകര്യമൊരുക്കി. മികവുറ്റ പരിശീലകരെ വിദേശത്തുനിന്നും എത്തിച്ചു. അതിനാൽതന്നെ പത്തുമെഡലുകളെന്ന പ്രതീക്ഷ അമിതമായിരുന്നില്ല. പക്ഷേ ഒളിമ്പിക്സിൽ മെഡൽ നേടുകയെന്നത് അത്ര എളുപ്പമല്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ഏഴോളം ഇനങ്ങളിൽ തലനാരിഴ വ്യത്യാസത്തിൽ നാലാം സ്ഥാനത്താകേണ്ടി വന്നതോടെയാണ് പത്തുമെഡലുകളെന്ന ലക്ഷ്യത്തിനപ്പുറത്തേക്കു പോകാൻ സഹായകരമായിരുന്ന അവസരം നമുക്ക് കൈവിട്ടുപോയത്.
മനുഭാക്കറിന് മൂന്നാമതൊരു മെഡൽ നേടാൻ കഴിയുമായിരുന്നു. 25 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ രണ്ടാം സ്ഥാനത്തുവരെയെത്തിയ ശേഷമാണ് മനുവും പുരുഷ വിഭാഗത്തിൽ അർജുൻ ബബുതയും നാലാമതായത്. സ്കീറ്റ് ഷൂട്ടിംഗിൽ ഒരു പോയിന്റിനും വനിതകളുടെ വെയ്റ്റ് ലിഫ്റ്റിംഗിൽ ഒരു കിലോയ്ക്കുമാണ് ഇന്ത്യൻ താരങ്ങൾ നാലാമതായത്. അമ്പെയ്ത്തിൽ ധിരാജ് - അങ്കിത സഖ്യം ടൈബ്രേക്കറിനു തുല്യമായ ഷൂട്ടോഫിൽ ഒറ്റപ്പോയിന്റിന് പിന്നിലായിപ്പോയി. ബാഡ്മിന്റൺ സെമി ഫൈനലിലും വെങ്കല മെഡലിനുമുള്ള മത്സരങ്ങളിൽ ലീഡ് ചെയ്തതിന് ശേഷം ലക്ഷ്യ സെൻ തോറ്റുപോയതിനെ നിർഭാഗ്യത്തിൽ ഒതുക്കാൻ കഴിയില്ല. വലിയ മത്സരങ്ങളിൽ സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് ലക്ഷ്യ ആർജിക്കേണ്ടിയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഇരു പരാജയങ്ങളും. ഗുസ്തിയിൽ വിനേഷിനുണ്ടായ ദുരനുഭവം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.
ലക്ഷ്യത്തിലെത്തുംവരെ പിന്മാറാൻ തയ്യാറാകാത്ത മനക്കരുത്താണ് ഇന്ത്യൻ കായികതാരങ്ങൾക്ക് വേണ്ടതെന്ന് പാരീസിലെ അനുഭവം തെളിയിക്കുന്നു. ശാരീരികമായി മാത്രമല്ല, മാനസികമായും നമ്മുടെ താരങ്ങളെ ഒരുക്കുന്നതിന് കേന്ദ്ര കായിക മന്ത്രാലയം ശ്രദ്ധചെലുത്തണം. ഇത്തവണ വിദഗ്ദ്ധ സംഘത്തിൽ സ്പോർട്സ് സൈക്കോളജിസ്റ്റുകളെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരിശീലന സമയത്തുതന്നെ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള പാഠങ്ങൾ പകർന്നുകൊടുത്താൽ നാലുവർഷത്തിനപ്പുറം ലോസാഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്സിൽ നമുക്ക് ഇപ്പോൾ ലഭിച്ചതിന്റെ ഇരട്ടി നേടാനാകും. പാരീസിൽ മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ. ഇനിയുമേറെ ദൂരം പോകാനുണ്ടെന്ന തിരിച്ചറിവിലാകട്ടെ തുടർയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |