ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്. അന്ന് മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് പങ്കുവച്ചതോടെയായിരുന്നു സംഘർഷങ്ങൾക്ക് തുടക്കമായത്. മാലദ്വീപ് മന്ത്രിമാരുടെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നിരവധി ഇന്ത്യക്കാർ മാലദ്വീപ് യാത്ര റദ്ദാക്കിയിരുന്നു. അവധി ആഘോഷിക്കാൻ ഇനി മാലദ്വീപിലേക്കില്ലെന്നും വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്തതിന്റെ പകർപ്പ് അടക്കം പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവയ്ക്കാൻ തുടങ്ങി.
ഇതോടെ മാലദ്വീപിന്റെ ടൂറിസം മേഖലയിൽ കനത്ത തിരിച്ചടിയുണ്ടായി. പിന്നീട് രാജ്യത്തിന്റെ ടൂറിസത്തിന്റെ ഭാഗമാകാൻ മാലദ്വീപ് അഭ്യർത്ഥിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ കടന്നു. ചൈനീസ് അനുഭാവം സ്വീകരിക്കുന്ന പ്രസിഡന്റ് മുഹമ്മദ് മൂയിസു മാലദ്വീപ് പ്രസിഡന്റായതിന് ശേഷം ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രം കൂടുതൽ വഷളായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ മാലദ്വീപ് സന്ദർശനം നടത്തിയത് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ചൈനയ്ക്ക് മേലുള്ള ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്നലെയാണ് മാലദ്വീപ് സന്ദർശനം അവസാനിപ്പിച്ചത്. അദ്ദേഹം മാലെയിൽ ഉണ്ടായിരുന്ന സമയത്ത്, ശേഷി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു, കൂടാതെ ആറ് ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ അധികമായി 1,000 മാലദ്വീപ് സിവിൽ സർവീസ് ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള കരാറുകളും മാലദ്വീപിൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അവതരിപ്പിക്കുന്നതിനുള്ള കരാറുകളും കൈമാറ്റം ചെയ്യപ്പെട്ട ധാരണാപത്രങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ സ്പീച്ച് തെറാപ്പി, വിദ്യാഭ്യാസം, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ടുകളും ഇരുരാജ്യങ്ങളും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |