കോട്ടയം: രണ്ട് മാസം മുമ്പ് 240, ഒരാഴ്ച മുമ്പ് 99, ഇന്നലെ 130... നോക്കിനിൽക്കേയാണ് ചിക്കൻ വിലയിലെ ചാഞ്ചാട്ടം... സംസ്ഥാനത്ത് ഉത്പാദനം ഉയർന്നതും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വർദ്ധിച്ചതുമാണ് ചിക്കൻവില മാറിമറിയാൻ കാരണം. വൻകിട ഫാമുകാരുടെയും ഇടനിലക്കാരുടെയും ഇടപെടലും ഇതിന് പിന്നിലുണ്ട്. രണ്ട് മാസം മുമ്പ് 200 കടന്ന കോഴിവില പിന്നീട് 170 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ആഴ്ചയാണ് വില 99 ലേക്ക് കൂപ്പുകുത്തിയത്. എന്നാൽ, ഞായറാഴ്ച വില വീണ്ടും കുത്തനെ ഉയർന്ന് 130 രൂപയിലേക്കെത്തുകയായിരുന്നു.
തിരിച്ചടി കർഷകർക്ക്
വളർത്തു ചെലവ് കൂടുകയും വില കുറയുകയും ചെയ്യുന്നത് കർഷകർക്ക് തിരിച്ചടിയാണ്. ഒരുകിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കാൻ 90 രൂപയോളം ചെലവ് വരും. കോഴിവില നൂറ് രൂപയ്ക്കുള്ലിലേക്ക് താഴ്ന്നാൽ അത് കർഷകർക്ക് വലിയ തിരിച്ചടിയാകും. തീറ്റചെലവ് തന്നെയാണ് വെല്ലുവിളി. നാൽപത് ദിവസം പിന്നിട്ടാൽ കോഴി ചത്തുവീഴാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ കിട്ടിയ വിലയ്ക്ക് വിറ്റൊഴിയാൻ കർഷകരും നിർബന്ധിതരായി.
കാലാവസ്ഥ അനുകൂലം
കാലാവസ്ഥ അനുകൂലമായതാണ് പ്രാദേശിക ഉത്പാദനം കൂടാൻ കാരണം. മഴക്കാലത്താണ് ഇറച്ചിക്കോഴി ഉത്പാദനം വർദ്ധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |