ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് ഇന്ത്യൻ റെയിൽവെയുടെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ട്രെയിനുകൾ യാത്രക്കാർക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. ഇതുവരെ നൂറോളം ട്രെയിനുകളാണ് ഇന്ത്യയിലുടനീളം സർവീസ് നടത്തുന്നത്. ഇപ്പോഴിതാ വന്ദേഭാരതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരമാണ് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ( ബിഇഎംഎൽ) ചെയർമാൻ ശാന്തനു റോയ് പങ്കുവയ്ക്കുന്നത്. റെയിൽവേ, ഗതാഗതം, ഖനനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വിവിധതരം ഹെവി ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് ബിഇഎംഎൽ.
ഇക്കണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ, വന്ദേഭാരത് എക്സ്പ്രസ് കോച്ചുകൾ ഭാവിയിൽ വിദേശത്തേക്ക് കയറ്റി അയക്കുമെന്നാണ് ശാന്തനു റോയ് പറയുന്നത്. വന്ദേ ഭാരത്, മെട്രോ ട്രെയിനുകൾ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അടുത്ത വർഷം ആദ്യം തന്നെ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാക്കുന്നു. തെക്കേ അമേരിക്ക, ആസിയാനിൽ ഉൾപ്പെട്ട രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ് മേഖല എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്ന മികച്ച വിപണികളെന്ന് ശാന്തനു പറയുന്നു.
'നിലവിൽ, ബിഇഎംഎൽ പൂർണ്ണമായും തദ്ദേശീയ ഉൽപാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എന്നിരുന്നാലും, വന്ദേ ഭാരത് ട്രെയിനുകളുടെ കയറ്റുമതി ചെയ്യാനുള്ള സാദ്ധ്യത വന്നേക്കാം. നിലവിൽ, ഇന്ത്യൻ റെയിൽവേയ്ക്കായി വന്ദേ ഭാരത് സ്ലീപ്പർ കോച്ചിന്റെ ആദ്യ പ്രോട്ടോടൈപ്പ് നിർമ്മിക്കുകയാണ്. നിലവിലെ 4 ശതമാനം കയറ്റുമതി സമീപഭാവിയിൽ 10 ശതമാനമാക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്'- ശാന്തനു റോയ് പറഞ്ഞു.
കമ്പനിയുടെ പുതിയ വളർച്ചാ തന്ത്രത്തെക്കുറിച്ചും റോയ് വിശദീകരിച്ചു. പ്രതിരോധം, ഖനനം, മെട്രോ, റെയിൽ എന്നീ മേഖലകളിലായി തിരിച്ചാണ് കമ്പനിയുടെ പ്രവർത്തനം. മുൻ വർഷത്തേക്കാൾ മികച്ച ലാഭമാണ് കമ്പനി സമീപ കാലങ്ങളായി നേടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |