
തിരുവനന്തപുരം: മാറാത്തത് ഇനി മാറുമെന്ന വാദത്തോടെയാണ് 'വികസിത കേരളം' എന്ന മുദ്രാവാക്യവുമായി കേരളത്തിൽ ബിജെപി കഴിഞ്ഞ കുറച്ച് നാളുകളായി പ്രവർത്തനം നടത്തുന്നത്. ഇരട്ട എഞ്ചിൻ സർക്കാർ വരണമെന്നാണ് കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. സംസ്ഥാനതലം മുതൽ പ്രാദേശിക ബിജെപി നേതാക്കൾ വരെ ഈ മുദ്രാവാക്യങ്ങൾ ഏറ്റുപിടിക്കുകയും ചെയ്‌തു. എന്നാൽ കേരള വികസനത്തിൽ കേന്ദ്ര സർക്കാരിന് ഇവർ പറയുന്നതുപോലെ മതിയായ കരുതലുണ്ടോ എന്ന സംശയം ഉളവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റ്.
കേരളത്തിന്റെ പേരെടുത്തുപറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ആദ്യ പദ്ധതി അപൂർവ ധാതു ഇടനാഴിയുടേതാണ്. അപൂർവ ധാതുക്കളുടെ വലിയ ശേഖരമുള്ള കേരളത്തിന്റെ കടൽ തീരവും ഒപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ചേർന്നതാകും ഈ ഇടനാഴി. അപൂർവ ധാതുക്കളുടെ ഘനനം, സംസ്‌കരണം, ഗവേഷണം, ഉൽപാദനം എന്നിവയൊക്കെയാണ് ഈ പ്രഖ്യാപനം കൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നത്. കടലാമ പരിചരണം ലക്ഷ്യമിട്ട് കേരളവും കർണാടകവും ചേർന്ന് പുതിയ കേന്ദ്രം സ്ഥാപിക്കുന്നതാണ് മറ്റൊരു പദ്ധതി. ഈ രണ്ട് പദ്ധതികളാണ് നേരിട്ട് കേരളത്തിന് വരുന്ന പുതിയ പദ്ധതികൾ.
പിന്നീട് പ്രഖ്യാപിച്ച നിരവധി പദ്ധതികളിൽ കേരളവും ഭാഗമാകും എന്നത് മാത്രമാണ് ഗുണം. സംസ്ഥാനത്ത് നിരന്തരം ചർച്ചയാകുന്ന വികസന പദ്ധതികൾ നിരവധിയാണ്. പതിറ്റാണ്ടുകളായി കേരളം ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയിൽ ഇടനാഴി, വിഴിഞ്ഞം തുറമുഖ വികസനം, സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം എന്നിങ്ങനെ ഒരുപാട് വിഷയങ്ങളുണ്ട്. ഇത്തവണയും ഇവയ്‌ക്കൊന്നും പരിഹാരമായില്ല.
സംസ്ഥാന ബഡ്‌ജറ്റിൽ ഇത്തവണ പ്രഖ്യാപിച്ച റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (ആർആർടിഎസ്) മണ്ടൻ പദ്ധതിയാണെന്നും തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ റെയിൽ പദ്ധതിയാണ് പകരം ശരിയെന്നും പറഞ്ഞ ഇ ശ്രീധരനടക്കം ബിജെപിയുടെ സംസ്ഥാനത്തെ പല നേതാക്കളെയും നിരാശപ്പെടുത്തി അവർ മുന്നോട്ടുവച്ച 'ഹൈസ്‌പീഡ് റെയിൽ പദ്ധതി'യെന്ന പേര് പോലും ബഡ്‌ജറ്റിൽ പറഞ്ഞില്ല. ഇതടക്കം 29 ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവച്ചത്.റബ്ബർ വിലസ്ഥിരത, നെല്ല് സംഭരണം, ഇടുക്കി-വയനാട് പാക്കേജുകൾ അങ്ങനെ നിരവധി നീറുന്ന ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമില്ല.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി മുന്നോട്ടുവച്ച പ്രധാന കാര്യമായിരുന്നു തലസ്ഥാന നഗരത്തിൽ വിജയിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവനന്തപുരത്ത് എത്തിക്കുമെന്നത്. വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നിങ്ങനെ ആപ്‌തവാക്യം ഉയർത്തി വോട്ട്തേടിയ അവർ മോദി വരുമ്പോൾ 2030 വരെയുള്ള തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന്റെ ബ്ളൂപ്രിന്റ് മോദി മേയർക്ക് നൽകും എന്നറിയിച്ചു.
101ൽ 50 സീറ്റ് വിജയിച്ച് തിരുവനന്തപുരം നഗരഭരണം ഇടതുപക്ഷത്തിൽ നിന്ന് 45 വർഷത്തിന് ശേഷം പിടിച്ചെടുത്ത ബിജെപി അധികാരത്തിലേറി കൃത്യം 27-ാം ദിവസം പ്രധാനമന്ത്രിയെ തിരുവനന്തപുരത്തെത്തിച്ചു. കേരളത്തിനുള്ള മൂന്ന് ട്രെയിനുകളടക്കം നാല് ട്രെയിനുകളുടെ ഫ്‌ളാഗോഫും നിർവഹിച്ചു. തിരുവനന്തപുരത്തിൻറെ വികസനത്തിനായി ജനങ്ങൾ കൊതിച്ച വലിയ പ്രഖ്യാപനങ്ങളായ മെട്രോ, വിഴിഞ്ഞം വികസനം, ഭക്തി, ടൂറിസം എന്നിങ്ങനെ ഒന്നും മോദി എന്നാൽ പ്രഖ്യാപിച്ചതേയില്ല. ഇത് സിപിഎമ്മും കോൺഗ്രസുമടക്കം സംസ്ഥാന ബിജെപിയെയും കോർപറേഷൻ ഭരണത്തെയും കളിയാക്കുന്നതിന് ഇടയാക്കി. ഇനി 'ഞാനൊരു വാക്ക് പറയട്ടെ ബ്ളൂപ്രിന്റ്' എന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പരിഹാസം.
വലിയ പ്രൊജക്‌ടർ സ്ഥാപിച്ച ഹാളിലിരുന്ന് സംസ്ഥാന ബിജെപി നേതാക്കളെല്ലാം ഒരുമിച്ചാണ് കഴിഞ്ഞ ദിവസം കേന്ദ്ര ബഡ്‌ജറ്റ് കണ്ടത്. ഇവർ പലപ്പോഴായി കേരളത്തിലെ ജനങ്ങളോട് പറഞ്ഞതൊന്നും പ്രഖ്യാപനമായില്ല. വരും ദിവസങ്ങളിൽ എന്തെങ്കിലും പുതിയ പ്രഖ്യാപനങ്ങളോ നിലവിലെ ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ കേരളത്തിന് പരിഗണന കിട്ടുന്ന വിഷയങ്ങൾ അറിയിച്ചാൽ മാത്രമേ അവർക്ക് പിടിച്ചുനിൽക്കാനാകൂ.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ വിജയിക്കുകയും തിരുവനന്തപുരത്തടക്കം രണ്ടാം സ്ഥാനത്തെത്തുകയും ചെയ്‌ത ബിജെപി 10ലധികം നിയമസഭാ മണ്ഡലങ്ങളിൽ അന്ന‌് ലീഡ് ചെയ്‌തിരുന്നു. 19.40 ശതമാനം വോട്ടും സ്വന്തമാക്കി. ഈ വോട്ട് ശതമാനം വർദ്ധിപ്പിച്ച് സംസ്ഥാനത്ത് നിർണായക സ്വാധീനമാകാൻ ശ്രമിക്കുമ്പോഴാണ് ഇത്തവണ കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് അവഗണന നേരിട്ടത്. ഇത് മാസങ്ങൾ മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടിയായേക്കും.
നിലവിലെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച കടലാമ സംരക്ഷണ പ്രൊജക്‌ടിന്റെ പേരിൽ നിരവധി ട്രോളുകളാണ് ബിജെപി നേതാക്കൾക്ക് നേരിടേണ്ടി വരുന്നത്. താൻ കേരളത്തിൽ വന്ന് പ്രതികരിക്കാം എന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചത്. കേരള വികസനത്തിന് മതിയായതെല്ലാം കേന്ദ്ര ബഡ്‌ജറ്റിലുണ്ടെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നത്. കേരളത്തിന് ഒന്നും തന്നില്ലെന്ന് വ്യാജപ്രചരണം നടത്തുന്നതിൽ കാര്യമില്ലെന്നും കേന്ദ്ര പദ്ധതികൾ നടപ്പാക്കാതെ പാഴാക്കിയും പേരും ലക്ഷ്യവും മാറ്റിയും ഉപയോഗമില്ലാതാക്കുന്നതാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം വിമർശനവും ഉന്നയിച്ചു.
നിലവിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശയിൽ അടുത്ത സാമ്പത്തിക വർഷത്തെ കേന്ദ്ര വിഹിതം 1.925 ശതമാനത്തിൽ നിന്ന് 2.382 രണ്ടായി വർദ്ധിപ്പിച്ചത് ഇതിനിടെ ആശ്വാസകരമാണ്. നിലവിൽ 36355 കോടിയാണ് ഇതോടെ ലഭിക്കുക. മുൻ വർഷത്തെക്കാൾ 11855 കോടി കൂടുതൽ.
കേരളത്തോടുള്ള അവഗണനയുടെ തെളിവാണ് ബഡ്‌ജറ്റ് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. ഭരണ പ്രതിപക്ഷ ഭേദമന്യേ നിരാശാജനകമാണ് ബഡ്‌ജറ്റ് എന്നുതന്നെയാണ് പ്രതികരണം. ഇതിനെ വികസിത കേരള മുദ്രാവാക്യവുമായി പ്രചാരണം നടത്തുന്ന ബിജെപി സംസ്ഥാന നേതാക്കൾ ഇന്ന് എങ്ങനെ പ്രതിരോധിക്കും എന്നത് അറിയേണ്ട കാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |