ശ്രീനഗർ:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുരക്ഷാസന്നാഹങ്ങൾ ശക്തമാക്കിയ ജമ്മു കാശ്‌മീരിൽ ഇന്നലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ ദീപക് സിംഗാണ് വീരമൃത്യു വരിച്ചത്. ഒരു നാട്ടുകാരനും പരിക്കേറ്റു. നാല് ഭീകരരെ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്.
അടുത്തിടെ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന ജമ്മുവിലെ ദോഡ ജില്ലയിൽ ശിവ്‌ഗഡ് അസർ വന മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഒളിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി പ്രദേശം വളഞ്ഞു. തിരച്ചിൽ
നടത്തുന്നതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഏറ്റുമുട്ടിൽ രൂക്ഷമായി. ഭീകരരുടെ താവളത്തിൽ നിന്ന് യു. എസ് നിർമ്മിത എം 4 റൈഫിളും രക്തം പുരണ്ട വസ്‌ത്രങ്ങളും വിവിധ ഉപകരണങ്ങളടങ്ങിയ നാല് ബാഗുകളും കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ഉധംപൂരിന് സമീപം പട്നിടോപിലെ വനത്തിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. രാത്രി പ്രദേശം സൈന്യം വളഞ്ഞു. അതിനിടെയാണ് ഭീകരർ ദോഡയിലെ വനമേഖലയിലേക്ക് കടന്നത്. ഇന്നലെ രാവിലെ ഏഴരയോടെ സൈന്യം ഓപ്പറേഷൻ പുനരാരംഭിച്ചപ്പോഴാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്‌ച അനന്ത്നാഗ് ജില്ലയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മേഖലയിൽ വെടിവയ്‌പ് റിപ്പോർട്ട് ചെയ്തിരുന്നു. ക്യാപ്റ്റന്റെ കുടുംബത്തെ സൈന്യം അനുശോചനം അറിയിച്ചു.
ജമ്മുകാശ്മീരിലെ സുരക്ഷ അവലോകനം ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ജമ്മു കാശ്‌മീരിൽ ഭീകരാക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |