കൊച്ചി: കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നുമുള്ള സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു. സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്നും നിയമപരമായി ഈ ഉത്തരവ് നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് കണ്ടെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കുടുംബം നൽകിയ ഹർജിയിലാണ് നേരത്തെ സിംഗിൾ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കമാൽ പാഷ അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
അതേസമയം, നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ കോടികൾ ചെലവാക്കി വക്കീലിനെ നിയമിച്ചാണ് ഈ വിധി സ്വന്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ഫെബ്രുവരി 12-ന് രാത്രിയാണ് എടയന്നൂരിലെ തട്ടുകടയിൽ ഷുഹൈബിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. കേസിൽ 17 പേർ അറസ്റ്റിലായി. സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി കെ.പി. പ്രശാന്ത് ഉൾപ്പെടെയുള്ളവർ ഇതിൽപ്പെടും.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാനവ്യാപക സമരം നടത്തിയിരുന്നു. പാർട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഷുഹൈബിന്റെ കൊലപാതകമെന്ന ആരോപണം സി.പി.എമ്മിനെ പ്രതിരോധത്തിലുമാക്കി. ഒന്നാംപ്രതി ആകാശ് ഉൾപ്പെടെ പ്രതികളായ നാലുപേരെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |