ന്യൂഡൽഹി: ഇന്ത്യക്കാർക്ക് 2025ലെ ഹജ്ജ് തീർത്ഥാടനത്തിന് സൗദി അറേബ്യ 1,75,025 പേരുടെ ക്വോട്ട അനുവദിച്ചു. ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷകൾ സ്വീകരിക്കുന്നതിന് തുടക്കമിട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചതാണിത്. ചടങ്ങിൽ വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യനും പങ്കെടുത്തു.
ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിന് പുറമെ ഹജ്ജ് സുവിധ ആപ്പ് വഴിയും അപേക്ഷ സ്വീകരിക്കുന്നുണ്ട്.
അടുത്ത കൊല്ലം മുതൽ 65 വയസോ കൂടുതലോ ഉള്ള തീർഥാടകർക്ക് ഒരു സഹയാത്രികൻ നിർബന്ധമാണ്. മുമ്പ് 70 വയസായിരുന്നു. ഇതോടെ ആദ്യമായി ഹജ്ജിന് പോകുന്ന 65 വയസോ കൂടുതലോ ഉള്ള എല്ലാ തീർത്ഥാടകർക്കും അലോട്ട്മെന്റ് ഉറപ്പാകുമെന്നും മന്ത്രി അറിയിച്ചു.
പാസ്‌പോർട്ട് 4-5 മാസത്തേക്ക് ഹജ്ജ് കമ്മിറ്റിയിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഹജ്ജിനായുള്ള പാസ്‌പോർട്ടുകളുടെ വിതരണം വേഗത്തിലാക്കാൻ എല്ലാ പാസ്‌പോർട്ട് ഓഫീസുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ തീർഥാടകരുടെയും മെഡിക്കൽ ചരിത്രവും നിലവിലെ ശാരീരിക അവസ്ഥയും വിലയിരുത്തും. ആരോഗ്യ വിവരങ്ങൾ ഹജ് സുവിധ ആപ്പുമായി ലിങ്ക് ചെയ്യും. ആപ്പിൽ തീർഥാടകരുടെ പരിശീലനം, താമസം, ഫ്ലൈറ്റ്, ബാഗേജ്, എമർജൻസി ഹെൽപ്പ് ലൈൻ, പരാതി പരിഹാരം, ഫീഡ്‌ബാക്ക്, ഭാഷാ വിവർത്തനം തുടങ്ങിയ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്.
തീർത്ഥാടകരെ സഹായിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയോഗിക്കും. ബാങ്കിംഗ് സൗകര്യങ്ങളും ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |