കോഴിക്കോട് : നിയന്ത്രണം വിട്ട കാർ കിണറിലേക്ക് മറിഞ്ഞെങ്കിലും ഉള്ളിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് ചേവായൂരിന് സമീപം നെയ്ത്തുകുളങ്ങരയിൽ രാത്രിയിലായിരുന്നു അപകടം. ചേവായൂർ സ്വദേശി രാധാകൃഷ്ണൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് കിണറ്റിനുള്ളിൽ കുടുങ്ങിയ ഇദ്ദേഹത്തെ പുറത്തെടുത്തത്.
മതിലിൽ ഇടിച്ച് മറിഞ്ഞ കാർ തൊട്ടത്ത വീട്ടുവളപ്പിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. കിണറിന് ഇരുമ്പ് നെറ്റ് ഇട്ടിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
വീണ്ടും ചതിച്ച് ഗൂഗിൾമാപ്പ്
യാത്രക്കാരെ വീണ്ടും ചതിച്ച് ഗൂഗിൾമാപ്പ്. സ്ഥലമറിയാത്തതിനാൽ ഗൂഗിൾ മാപ്പുനോക്കി വാഹനമോടിച്ച കർണാടകസ്വദേശികളുടെ കാർ തോട്ടിലേക്കു മറിയുകയായിരുന്നു അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ചിക്കമംഗളൂരു സ്വദേശികളായ ബെനഡിക്ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നുമണിയാേടെയായിരുന്നു അപകടം. പുല്പള്ളി ഭാഗത്തേക്ക് പോകാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾമാപ്പ് നോക്കി വരുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം ഒരാൾക്ക് നടന്നുപോകാൻ മാത്രം വീതിയുള്ള പാലത്തിലേക്ക് കയറി 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബാവലി മഖാമിനു സമീപത്തുള്ള തോടിനു കുറുകെ നിർമിച്ച പാലത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്. പാലത്തിനു കുറുകെയുള്ള നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ടുനിർത്താൻ ശ്രമിക്കുന്നതിനിടെ തോട്ടിലേക്കു പതിക്കുകയായിരുന്നെന്നു എന്നാണ് സമീപവാസികൾ പറയുന്നത്.
മാനന്തവാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ രക്ഷിച്ചത്. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ പരിക്കേറ്റവരെ വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
നേരത്തേയും ഗൂഗിൾ മാപ്പ് ചതിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെ ഉണ്ടായ അപകടങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടമായപ്പോൾ മറ്റുചിലർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |