തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകിയാൽ ഏത് ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ ഒരുസംശയവും ആർക്കും വേണ്ട.
റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചിട്ടില്ല. ശുപാർശകൾ നടപ്പാക്കി വരികയാണ്. റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാരിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. സിനിമാമേഖലയിലെ ചൂഷണങ്ങളിൽ ഇരയ്ക്ക് നിരുപാധികമായ പിന്തുണയും വേട്ടക്കാർക്കെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് സർക്കാരിന്റെ മുഖമുദ്ര.
റിപ്പോർട്ട് നാലരവർഷം പ്രസിദ്ധീകരിക്കാതിരുന്നത് സർക്കാർ താത്പര്യം കൊണ്ടല്ല. റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ പുറത്തു വിടാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമതന്നെ സർക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നൽകിയിരുന്നു. മൊഴി നൽകിയവർ അത് രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വ്യക്തമാക്കിയിരുന്നു.
സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇനിയുംചെയ്യും. അതിനുള്ള നിശ്ചയദാർഢ്യം തെളിയിച്ച സർക്കാരാണിത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ ഒരു വിഷയവും നിയമനടപടി ഇല്ലാതെ പോയിട്ടില്ല. ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ഹേമ കമ്മിറ്റി വച്ചിട്ടില്ല. സിനിമാതിരക്കഥയുടെ ഭാഗമായി വില്ലൻമാരുണ്ടാകാം. എന്നാൽ, സിനിമാവ്യവസായത്തിൽ വില്ലൻമാരുടെ സാന്നിദ്ധ്യം ഉണ്ടാവാൻ പാടില്ല. അപ്രഖ്യാപിതമായ വിലക്കുകൾകൊണ്ട് ആർക്കും ആരെയും ഇല്ലാതാക്കാനാകില്ല.
മാന്യമായ വേതനം ഉറപ്പുവരുത്താൻ സംഘടനകൾ മുൻകൈ എടുക്കണം.
ട്രൈബ്യൂണലിന്
നടപടിയെടുക്കും
സിനിമാ മേഖലയിൽ ജുഡിഷ്യൽ ട്രൈബ്യൂണൽ രൂപീകരിക്കാൻ നടപടിയെടുക്കും
കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എപ്ലോയീസ് (റെഗുലേഷൻ) ആക്ട് ഉണ്ടാക്കണമെന്നത് വിശദമായ പരിശോധനയ്ക്കായി മാറ്റി വച്ചിരിക്കുന്നു
സിനിമാ നയത്തിന്റെ കരട് തയ്യാറാക്കാൻ ഷാജി.എൻ.കരുണിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കരട് ചർച്ച ചെയ്യാൻ കോൺക്ലേവ് നടത്തും
സ്ത്രീ, പുരുഷ ഭേഭമന്യേ തുല്യവേതനം ഏർപ്പെടുത്തുന്നതിന് ചില പരിമിതികളുണ്ട്. പ്രൊഫഷണലുകളുടെ വേതനം ഒരാളിൽ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും
ഹേമ കമ്മിറ്റി: സർക്കാർ
നടപടി ആവശ്യപ്പെട്ട്
ഗവർണർ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി നിർദ്ദേശങ്ങളിൽ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ അംഗം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ താൻ അഭിപ്രായം പറയുന്നില്ല. എന്നാൽ, സ്ത്രീകൾ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കിയത് വേദനാജനകമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുസമൂഹത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് നാണക്കേടാണ്. എല്ലാ സ്ത്രീകളും പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും സുരക്ഷിതരാണെന്ന ബോദ്ധ്യമുണ്ടാക്കണം. അതിന് സർക്കാരിനും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |