മുംബയ്: വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്‌ത കുടുംബത്തിന് ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റ. ഓഗസ്റ്റ് 19നായിരുന്നു സംഭവം. ഷിർദയിൽ നിന്ന് മുംബയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്‌തവർക്കാണ് ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയത്. ഉടൻതന്നെ ഇവർ റെയിൽവേ ഉദ്യോഗസ്ഥനോട് വിഷയത്തിൽ പരാതി അറിയിക്കുകയും ചെയ്‌തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പരിപ്പ് കറിയിൽ നിന്നാണ് ചത്ത പാറ്റയെ കിട്ടിയതെന്ന് 'റിക്കി ജെസ്വാനി' എന്ന എക്‌സ് അക്കൗണ്ടിൽ കുറിച്ചിട്ടുണ്ട്. 'ദിവ്യേഷ് വാങ്കേദ്കർ' എന്നയാളാണ് സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും എക്‌സിൽ പങ്കുവച്ചത്. പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) ജെസ്വാനി നൽകിയ പരാതിയുടെ ചിത്രവും പോസ്റ്റിലുണ്ട്.
സംഭവത്തിൽ ഐആർസിടിസി പ്രതികരണവുമായി എത്തിയിട്ടുണ്ട്. 'സർ, താങ്കൾക്കുണ്ടായ അസൗകര്യത്തിൽ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് ഞങ്ങൾ കാണുന്നത്. സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിന്റെ അടുക്കള യൂണിറ്റ് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട് ', എന്നാണ് ഐആർസിടിസി അറിയിച്ചത്.
രണ്ട് മാസം മുമ്പും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രയ്ക്കിടെ ദമ്പതികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയിരുന്നു. ഈ വർഷം ആദ്യം ഡൽഹിയില്‍ നിന്ന് വാരണാസിയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത ഒരാളും പഴകിയ ഭക്ഷണം ലഭിച്ചതായി പരാതിപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |