വയനാട്: നഷ്ടപരിഹാരം
വിലയിരുത്താൻ സമിതി
ടിങ്കു ബിസ്വാളിന് നേതൃത്വം
പരിശോധന 26 മുതൽ 31വരെ
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ നഷ്ടപരിഹാരം വിലയിരുത്താൻ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ മേൽനോട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ട പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസെസ്‌മെന്റ് സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവായി. ഡോ.ശേഖർ കുര്യാക്കോസ്, പ്രൊഫ. ആർ.പ്രദീപ് കുമാർ എന്നിവർക്കാണ് നേതൃത്വം.
26 മുതൽ 31വരെ സംയുക്ത സമിതി ദുരന്തബാധിത മേഖലയിൽ വിശദ പരിശോധന നടത്തും. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പുനർനിർമ്മാണത്തിന് വേണ്ട അന്തിമ ധനസഹായം കേന്ദ്രത്തോട് ആവശ്യപ്പെടുക. റിപ്പോർട്ട് തയ്യാറാക്കാൻ കുറഞ്ഞത് ഒന്നര മാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. റിപ്പോർട്ട് തയ്യാറായശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിട്ടു കാണാനും സാദ്ധ്യതയുണ്ട്. എട്ടു കിലോമീറ്റർ ദൂരത്തിൽ 86,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നഷ്ടം നേരിട്ടതായാണ് പ്രാഥമിക വിലയിരുത്തൽ.
കേന്ദ്ര ദുരന്ത നിവാരണ ചട്ടങ്ങൾ പ്രകാരം 2000 കോടി പുനർനിർമാണത്തിനും 1200 കോടി നഷ്ടപരിഹാരത്തിനും കണക്കാക്കിയുള്ള നിവേദനം കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. ഇതിനു പുറമെ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനും അവരുടെ തൊഴിൽ സംരക്ഷണത്തിനും ഉൾപ്പെടെയുള്ള സാമ്പത്തിക സഹായമാണ് വേണ്ടത്.
ഡോ.ജോൺമത്തായി അദ്ധ്യക്ഷനായുള്ള നിലവിലെ വിദഗ്ദ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ട് ദുരന്ത നിവാരണ അതോറ്റിക്ക് കൈമാറിയിരുന്നു. മേപ്പാടി പഞ്ചായത്തിൽ തോട്ടം മേഖലയിലുള്ള അഞ്ച് സ്ഥലങ്ങളാണ് പുനരധിവാസത്തിനായി വിദഗ്ദ്ധ സംഘം നിർദ്ദേശിച്ചിട്ടുള്ളത്. ദുരന്തം എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു തുടങ്ങിയവ ഉൾപ്പെട്ട റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ കൈമാറും.
മേഖലകൾ തിരിച്ച് കണക്കെടുപ്പ്
1.പൊതുവിലുള്ള നഷ്ടത്തിന് പുറമെ, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കുടിവെള്ള വിതരണം, പൊതുമരാമത്ത് തുടങ്ങിയ മേഖലകളിൽ ഉണ്ടായിട്ടുള്ള നഷ്ടത്തിന്റെ കണക്കുകളാവും സമിതി തയ്യാറാക്കുക
2.കൃഷി, മൃഗസംരക്ഷണം, ടൂറിസം, സൂക്ഷ്മ ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളെ പ്രത്യേകമായി തിരിച്ചാവും കണക്കെടുപ്പ്
3.ഓരോ മേഖല തിരിച്ചുള്ള നഷ്ടങ്ങളുടെ വിശദമായ കണക്കെടുക്കും
ദുരന്തത്തിന് ഇരയായവരോട് ബാങ്കുകൾ വിട്ടുവീഴ്ച ചെയ്യണമെന്ന് ഹൈക്കോടതി
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്. എല്ലാവെള്ളിയാഴ്ചയും ആദ്യകേസായാണ് പരിഗണിക്കുന്നത്. സർക്കാരും അമിക്കസ് ക്യൂറിയായ സീനിയർ അഭിഭാഷകൻ രഞ്ജിത് തമ്പാനും റിപ്പോർട്ടുകൾ ഫയൽ ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫന്റെ ഹർജി ഫയലിൽ സ്വീകരിച്ചു. മറ്റുള്ള ഹർജികൾ അനുവദിക്കില്ലെന്നും കാര്യങ്ങൾ അമിക്കസ് ക്യൂറിയെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. കൂടുതൽ ഹർജികൾ അനുവദിക്കുന്നത് നടപടികൾ സങ്കീർണമാക്കുമെന്നും വിലയിരുത്തി.
സുരക്ഷാ നടപടികൾ അറിയിക്കണം
ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മേഖലകളിൽ സ്വീകരിച്ച സുരക്ഷാനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ മൂന്നാഴ്ചയ്ക്കകം അറിയിക്കണം
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുകയുടെ വിശദാംശങ്ങൾ, ദേശീയ-സംസ്ഥാന-ജില്ലാതലങ്ങളിൽ തയ്യാറാക്കിയ കർമ്മപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയ വിശദ സത്യവാങ്മൂലം നൽകണം
സംസ്ഥാനത്തെ പ്രകൃതിദുരന്തങ്ങൾ കണക്കിലെടുത്ത് ദുരന്തനിവാരണ സമിതികളിൽ കൂടുതൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തണം
അടിയന്തര സഹായങ്ങളുടെ വിശദാംശങ്ങളും ആരാഞ്ഞു. ദുരന്തബാധിതർക്ക് സഹായം കിട്ടിയോയെന്ന് അറിയിക്കണം
ദുരന്ത മേഖലയിൽ താമസിക്കുന്നവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കണം
''ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യത്വപരമായ സമീപനമുണ്ടാകണം. ആദ്യത്തെ അഞ്ചുദിവസം എല്ലാവരും കരയും. തുടർന്ന് കാര്യങ്ങൾ മാറുകയാണ് പതിവ്
-ഹൈക്കോടതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |