കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിക്കാതെ മന്ത്രി കെ.ബി ഗണേശ് കുമാർ. താനിപ്പോൾ സിനിമയിൽ ഇല്ലെന്നും, സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മറുപടി മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞെന്നുമായിരുന്നു ഗണേശിന്റെ പ്രതികരണം. പവർഗ്രൂപ്പിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് ഞാൻ ഈ നാട്ടുകാരനല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെഎസ്ആർടിസിയെ പറ്റി ചോദിച്ചാൽ വല്ലതും പറയാമെന്നും ഗണേശ് കുമാർ പരിഹസിച്ചു.
അതേസമയം, വിവരാവകാശ കമ്മിഷൻ വിലക്കാത്ത വിവരങ്ങൾ മുക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടതെന്നത് വ്യക്തമായതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായി. അതീവ ഗുരുതര വിഷയത്തിൽ റിപ്പോർട്ടിന്റെ പൂർണ രൂപം ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിവാദം. പ്രതിപക്ഷ ആക്രമണത്തിനും ഇതു മൂർച്ച കൂട്ടി.
പോക്‌സോ കേസ് ചുമത്താനുള്ള വെളിപ്പെടുത്തലും ഉൾപ്പെട്ട റിപ്പോർട്ടിൽ സർക്കാരിന്റെ സമീപനത്തിൽ സി.പി.എമ്മിലും എൽ.ഡി.എഫിലും അതൃപ്തി പുകയുന്നു. പൊതുവികാരം എതിരാണെന്ന് തിരിച്ചറിഞ്ഞാണ് സർക്കാർ ഒന്നും വെട്ടിയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വാർത്താസമ്മേളനം വിളിച്ച് പറയേണ്ടി വന്നത്.
അതിനിടെ, ചലച്ചിത്ര അക്കാഡമി ചെയർമാനും ഇടതു അനുഭാവിയുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര പീഡനശ്രമ ആരോപണമുയർത്തിയതും നാണക്കേടായി. പാലേരിമാണിക്യത്തിൽ ഒഡീഷന് ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത്ത് കഴുത്തിൽ സ്പർശിച്ചെന്നും തട്ടിമാറ്റി രക്ഷപ്പെട്ടെന്നുമാണ് ആരോപണം. രഞ്ജിത്ത് ഇത് നിഷേധിച്ചു. രഞ്ജിത്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു.
രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. തെറ്റ് ആര് ചെയ്താലും സർക്കാർ അവരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
രഞ്ജിത്ത് പ്രഗത്ഭനായ കലാകാരനാണെന്നും നടി പരാതിയുമായി മുന്നോട്ടുവന്നാൽ നിയമാനുസൃതമായ നടപടികള്‍ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |