ഗുരുവായൂർ: ഗുരുവായൂരിൽ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും ഭരണ സമിതി മുൻഗണന നൽകുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു.
നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ വിടും. ഇതിനാൽ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. അഷ്ടമിരോഹിണി നാളിൽ വി.ഐ.പി., സ്‌പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണം ഏർപ്പെടുത്തി. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ അഞ്ചര വരെയും വൈകിട്ട് 5 മുതൽ ആറ് വരെ മാത്രമാകും.
തദ്ദേശീയർക്ക് ക്ഷേത്രത്തിൽ നിലവിൽ അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് പൊതുവരി സംവിധാനമാകും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ വിഭവങ്ങളാണ് പ്രസാദ ഊട്ടിന് വിളമ്പുക.
രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പൈനാപ്പിൾ പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം, മോര്, പാൽപായസം എന്നിവയാണ് വിഭവങ്ങൾ. രാവിലെ ഒൻപത് മണിക്ക് പ്രസാദഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് 2 ന് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താത്കാലിക പന്തലിലും തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നൽകും.
പ്രസാദ ഊട്ട് ഭക്തർക്ക് വിളമ്പി നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 100 പ്രൊഫഷണൽ വിളമ്പുകാരെ നിയോഗിക്കും. അഷ്ടമിരോഹിണി ദിവസം 7.25 ലക്ഷത്തിന്റെ അപ്പമാണ് തയ്യാറാക്കുന്നത്. 35 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 525 (15 ശീട്ട്) രൂപയുടെ അപ്പം ക്ഷേത്ര കൗണ്ടറിലൂടെ ശീട്ടാക്കാം. അഷ്ടമിരോഹിണിയുടെ തലേ ദിവസമായ 25 ന് ക്ഷേത്രം കൗണ്ടർ വഴി ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി നിജപ്പെടുത്തി. 8.08 ലക്ഷത്തിന്റെ പാൽപ്പായസവും തയ്യാറാക്കും.
വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകുമെന്ന് ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രസാദഊട്ടിന് 35.80 ലക്ഷം എസ്റ്റിമേറ്റ്.
പ്രസാദ ഊട്ടിന് മാത്രം 25.55 ലക്ഷം
പ്രസാദ ഊട്ട് പ്രത്യേക വിഭവങ്ങൾക്ക് 2.07 ലക്ഷം
എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട്
പ്രതീക്ഷിക്കുന്നത് 25,000 പേരെ
ചുറ്റുവിളക്ക്, കാഴ്ചശീവേലി മുതലായവയ്ക്കായി 6.80 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |