ആഗസ്റ്റ് 11-നു നടന്ന നീറ്റ് പി.ജി മെഡിക്കൽ പരീക്ഷയുടെ റിസൾട്ടിന്ശേഷം തുടർ നടപടികളെക്കുറിച്ചു രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും സംശയങ്ങളേറെയുണ്ട്. ഇടനിലക്കാരുടെ ചതിയിൽ പെടാതിരിക്കാൻ സൂക്ഷിക്കണം. റിസൾട്ട് വന്നതിനുശേഷം വിദ്യാർത്ഥികൾക്ക് സ്വകാര്യ ഏജൻസികൾ നിരന്തരമായി സന്ദേശങ്ങൾ അയച്ചുവരുന്നുണ്ട്.
രണ്ടുലക്ഷത്തോളം വിദ്യാർത്ഥികളാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതിയത്. രാജ്യത്തെ മെഡിക്കൽ കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ 26,699 എം.ഡി, 13,886 എം.എസ്, 922 ഡി.എൻ.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശനം നീറ്റ് പി.ജി റാങ്ക് ലിസ്റ്റിൽ നിന്നാണ്. സർക്കാർ, സ്വകാര്യ, ഡീംഡ് മെഡിക്കൽ കോളേജുകളും ഇതിൽ ഉൾപ്പെടും.
സംസ്ഥാന തലത്തിലും അഖിലേന്ത്യതലത്തിലും പ്രത്യേകം കൗൺസിലിംഗ് പ്രക്രിയകളുണ്ട്. സംസ്ഥാനതലത്തിൽ അതത് പ്രവേശന പരീക്ഷാ മേധാവികളും, അഖിലേന്ത്യ തലത്തിൽ ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസസിന്റെ കീഴിലുള്ള മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയും കൗൺസലിംഗ് നടത്തും.
കൗൺസലിംഗ്
................................
നോർമലൈസേഷൻ പ്രക്രിയയിലൂടെ പേർസെന്റിൽ അടിസ്ഥാനത്തിലാണ് സ്‌കോർ കാർഡ് പ്രസിദ്ധീകരിച്ചത്. രണ്ടു ഷിഫ്റ്റുകളിലും ഒന്നാം റാങ്കുണ്ട്. പരീക്ഷയിലെ കട്ട് ഓഫ് മാർക്ക് പൊതുവിഭാഗത്തിൽപെട്ടവർക്ക് 50പെർസെന്റിലും, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 40 പെർസെന്റിലുമാണ്. വ്യക്തിഗത സ്‌കോർ കാർഡ് ആഗസ്റ്റ് 30ന് ഡൗൺലോഡ് ചെയ്യാം.
അഖിലേന്ത്യ ക്വാട്ടയിലും ഡീംഡ് , ഇ.എസ്.ഐ, എ.എഫ്.എം.സി മെഡിക്കൽ കോളേജുകളിൽ എം.സി.സി മൂന്നു റൗണ്ട് കൗൺസലിംഗ് നടത്തും. പിന്നീട് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രെ അലോട്ട്‌മെന്റുണ്ട്. സംസ്ഥാന തലത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി സർക്കാർ, സ്വാശ്രയ, സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് കൗൺസലിംഗ് നടത്തും. കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർക്കും കർണ്ണാടകയിൽ കെ.ഇ.എയ്ക്കും പുതുച്ചേരിയിൽ സെന്റാക്കിനുമാണ് ചുമതല. നീറ്റ് റാങ്ക് ലിസ്റ്റിൽ കട്ട് ഓഫ് മാർക്കിന് മുകളിൽ സ്‌കോർ ലഭിച്ചവർക്ക് അഖിലേന്ത്യ തലത്തിലും സംസ്ഥാന തലത്തിലും കൗൺസലിംഗിൽ പങ്കെടുക്കാം. വിവിധ സംസ്ഥാനങ്ങളുടെയും എം.സി.സിയുടെയും നോട്ടിഫിക്കേഷൻ വിലയിരുത്തി അപേക്ഷിക്കണം. തുടർ ദിവസങ്ങളിൽ പ്രത്യേക വിജ്ഞാപനങ്ങൾ പുറത്തിറങ്ങുന്നതിനനുസരിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
എൻ.ആർ.ഐ ക്വോട്ട
............................
എൻ.ആർ.ഐ ക്വോട്ടയിലുള്ള 15 ശതമാനം സീറ്റുകളിലേക്ക് അഡ്മിഷന് രേഖകൾ തയ്യാറാക്കി എം.സി.സിയിലും സംസ്ഥാനതല കൗൺസിലിംഗ് അതോറിറ്റികളിലും അപ്‌ലോഡ് ചെയ്ത് എൻ.ആർ.ഐ സ്റ്റാറ്റസ് ഉറപ്പുവരുത്തണം.
മെഡിക്കൽ പി.ജി കോഴ്‌സ് മൂന്ന് വർഷമാണ്. ഫീസ് നിരക്ക് മെഡിക്കൽ യു.ജി പ്രോഗ്രാമിനെക്കാളും കൂടുതലാണ്. കൗൺസലിംഗിൽ ചോയ്‌സ് ഫില്ലിംഗിനുമുമ്പ് മുൻവർഷങ്ങളിലെ അവസാന റാങ്ക്, ഫീസ് എന്നിവ വിലയിരുത്തണം. താത്പര്യമില്ലാത്ത ബ്രാഞ്ചുകളിലേക്ക് ഓപ്ഷൻ നൽകരുത്.
ആദ്യ റൗണ്ട് കൗൺസലിംഗിൽ പ്രവേശനം ലഭിച്ചാൽ ഫ്രീ എക്‌സിറ്റ് ഓപ്ഷനുണ്ട്. അല്ലെങ്കിൽ സീറ്റ് സ്വീകരിച്ച് ഹയർ ഓപ്ഷൻ നൽകാം. രണ്ടാം റൗണ്ടിൽ പ്രവേശനം ലഭിച്ചാൽ നിർബന്ധമായും കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഇല്ലെങ്കിൽ തുടർ കൗൺസലിംഗിൽ പങ്കെടുക്കാൻ സാധിക്കില്ല. മൂന്നാം റൗണ്ടിൽ സീറ്റ് ലഭിച്ച് ഒഴിവാക്കിയാൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഒരുവർഷത്തേക്ക് നീറ്റ് പി.ജി പരീക്ഷ എഴുതാൻ സാധിക്കില്ല.
നീറ്റ് പിജി റിസൾട്ടിന് ശേഷം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ പ്രത്യേക കൗൺസലിംഗ് വിജ്ഞാപനം പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്കായി www.cee.kerala.gov.in (കേരള), www.mcc.nic.in ( അഖിലേന്ത്യ ക്വോട്ട), www.centacpuducherry.in (പുതുച്ചേരി), www.kea.kar.nic.in (കർണാടക), www.tnhealth.tn.gov.in (തമിഴ്‌നാട്), www.kruhs.telangana.gov.in ( തെലങ്കാന), www.amc.edu.in (ആന്ധ്ര) സന്ദർശിക്കുക.
എല്ലാ സീറ്റുകൾക്കും അഡ്മിഷൻ മെരിറ്റ് അടിസ്ഥാനത്തിലാണ്. അതിനാൽ ഏജൻസികളെ ആശ്രയിക്കാതെ, മുൻ വർഷങ്ങളിലെ റാങ്ക് വിലയിരുത്തി സ്വന്തമായി കൗൺസിലിംഗ് നടപടികൾ പൂർത്തിയാക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |