ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കാശ്മീരിലെ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ഗവർണർ സത്യ പാൽ മാലിക്കുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കാശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് തങ്ങൾക്ക് അറിയണമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ അവർ പറയുന്നത് എന്തൊക്കയോ സംഭവിക്കുന്നുണ്ടെന്നാണെന്നും എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ആർക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമർനാഥ് യാത്ര റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്നു വന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഒമർ ഗവർണറെ കണ്ടത്.
”ഞങ്ങൾക്ക് അറിയണം കശ്മീരിലെന്താണ് സംഭവിക്കുന്നതെന്ന്. ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ എന്തോ സംഭവിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. പക്ഷെ, എന്താണെന്ന് ആർക്കും അറിയില്ല”. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമർ അബ്ദുള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു.
”കശ്മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാണ് അദ്ദേഹത്തെ ഞങ്ങൾ കണ്ടത്. ഇന്നലെ തന്ന ഉറപ്പ് അദ്ദേഹം ഇന്നും നൽകി. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 35എയെ കുറിച്ച് ചോദിച്ചു. എന്നാൽ, ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ശാന്തരാക്കാൻ ഗവർണർ പ്രസ്താവന ഇറക്കും” -അബ്ദുള്ള പറഞ്ഞു.
അമർനാഥ് തീർത്ഥാടകരെ പ്രത്യേക ലക്ഷ്യം വച്ച് ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആ സാഹചര്യത്തിൽ സുരക്ഷയും ഭദ്രതയും ഉറപ്പു വരുത്താനായി തീർത്ഥാടകരോട് യാത്ര അവസാനിപ്പിച്ച് ഉടൻ മടങ്ങണമെന്ന ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. എത്രയും വേഗം കാശ്മീർ വിടാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കണം’എന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. അമർനാഥ് പാതയിൽ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ മുൻനിറുത്തി തീർത്ഥാടനം അവസാനിപ്പിക്കാനുള്ള നിർദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |