ഏഴംഗ സംഘത്തിൽ നാലു വനിതകൾ
ഐ.ജി സ്പർജൻകുമാർ മേധാവി
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്താവുകയും ഇരകളിൽ ചിലർ രംഗത്തുവരുകയും ചെയ്തതോടെ ഗത്യന്തരമില്ലാതായ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ആറ് ഐ.പി.എസുകാരും ഒരു എസ്.പിയും അടങ്ങിയ ഏഴംഗ പൊലീസ് സംഘത്തെ നിയോഗിച്ചു.
നാലു വനിത ഐ.പി.എസുകാർ ഉൾപ്പെട്ട സംഘത്തിന്റെ തലവൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി സ്പർജൻ കുമാറാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായ എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും.
നടിമാർ പേരെടുത്തുപറഞ്ഞ് ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും ഇന്നലെ രാവിലെ രാജിവച്ചു.രജ്ഞിത്തിന്റെ രാജി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി സജിചെറിയാൻ ചോദിച്ചുവാങ്ങുകയായിരുന്നു. ഇ-മെയിലായാണ് രാജി നൽകിയത്.സിദ്ദിഖ് രാജിനൽകിയത് അമ്മ പ്രസിഡന്റായ മോഹൻലാലിനാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവച്ചതിന് പ്രതിക്കൂട്ടിലായ സർക്കാർ ഇതിനൊപ്പം അന്വേഷണവും പ്രഖ്യാപിക്കുകയായിരുന്നു. അതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷേക്ക് ദർബേഷ് സാഹിബുമായി വിഷയം ചർച്ചചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വന്ന വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി നിയമോപദേശം നൽകുകയും ചെയ്തു.
പരാതി കിട്ടണമെന്ന് നിർബന്ധമില്ല. ആരോപണം പരിശോധിക്കാം. പോക്‌സോ ആണെങ്കിൽ നിയമനടപടി തുടങ്ങാം. പൊതുജന മദ്ധ്യത്തിൽ വന്ന കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സർക്കാരിന് തുടർ നടപടി എടുക്കാം. ഇതായിരുന്നു നിയമോപദേശം.
സെപ്തംബർ 10ന് ഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ വീണ്ടും പരിഗണിക്കുകയാണ്. മാത്രമല്ല, സിദ്ദിഖിനും രഞ്ജിത്തിനുമെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് വൈറ്റില സ്വദേശിയുടെ പരാതി ഇന്നലെ ലഭിക്കുകയും ചെയ്തു. ഇത് ഹൈക്കോടതിയെ സമീപിക്കുന്നതിനു മുന്നോടിയാണെന്ന് സർക്കാരിന് അറിയാം. ഇതോടെ മുഖം രക്ഷിക്കാൻ നടപടി അനിവാര്യമായിരുന്നു.
ഇനി മൊഴിയും കേസും;
അറസ്റ്റ് ഉടനുണ്ടാവില്ല
1.വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി രേഖപ്പെടുത്തും. അതിന്റെ അടിസ്ഥാനത്തിൽ കേസ്.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ഇരകൾ ആവശ്യപ്പെട്ടാൽ അങ്ങനെ ചെയ്യും. ഹേമ കമ്മിറ്റി റിപ്പോർട്ടും പരിശോധിക്കും.
2. കേസിന്റെ സ്വഭാവമനുസരിച്ച് തുടർ നടപടികൾ. ഉടനടി അറസ്റ്റിന് സാദ്ധ്യതയില്ല. കാരണം ആരോപണ വിധേയരും നിയമനടപടികളിലേക്ക് കടക്കും.ഇതോടെ കേസിൽ മെല്ലെപ്പോക്കാവും.
അന്വേഷണ സംഘം
1.ഐ.ജി ജി.സ്പർജൻകുമാർ, 2.ഡി.ഐ.ജി എസ്. അജീത ബീഗം, 3.ക്രൈംബ്രാഞ്ച് (എച്ച്.ക്യൂ) എസ്.പി മെറിൻ ജോസഫ്, 4.കോസ്റ്റൽ പൊലീസ് എ.ഐ.ജി ജി.പൂങ്കുഴലി, 5.പൊലീസ് അക്കാഡമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, 6.ലോ ആന്റ് ഓർഡർ എ.ഐ.ജി അജിത്ത്.വി, 7.ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ.
`എന്നോട് ആരും മാപ്പ് പറയേണ്ടതില്ല.ജനങ്ങൾ അറിയാനാണ് സത്യം പറഞ്ഞത്. എന്റെ ജീവിതത്തിൽ രഞ്ജിത്ത് എന്ന വ്യക്തിക്ക് ഒരു പ്രാധാന്യവുമില്ല.'
-ശ്രീലേഖ മിത്ര,
ബംഗാളി നടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |