തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പിൽ നഷ്ടമായ 32 കോടി രൂപ തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു. നിക്ഷേപകരുടെ പരാതിയിൽ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. 85 പേരാണ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. മുൻ ഭരണസമിതിയിലെ 11 പേർക്കെതിരെയാണ് കേസ്.
സംഘത്തിന്റെ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട കാലയളവിലെ ഭരണസമിതി അംഗങ്ങളിൽ നിന്ന് പലിശ സഹിതം ഈടാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന അംഗങ്ങളിൽ നിന്ന് എത്ര രൂപ വീതം ഈടാക്കണമെന്ന് സഹകരണ വകുപ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തും. സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ഭരണസമിതി അംഗങ്ങൾക്ക് ഉടൻ നോട്ടീസയയ്ക്കും. തുക തിരിച്ചടയ്‌ക്കാത്തവരുടെ സ്വത്തുക്കളുൾപ്പെടെ കണ്ടുകെട്ടും.
സംഘത്തിൽ ലക്ഷങ്ങൾ വായ്പയായി വിതരണം ചെയ്തത് മതിയായ ജാമ്യ വ്യവസ്ഥകൾ പാലിക്കാതെയാണെന്നും പലവിധ കാരണങ്ങളാൽ സംഘത്തിന് 32 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചെന്നുമാണ് കഴിഞ്ഞവർഷത്തെ സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. ബി.ജെ.പി നേതാക്കളെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകരിൽ പലരും പറയുന്നു. മുതിർന്ന ബി.ജെ.പി നേതാവും മുൻ വക്താവുമായ എം.എസ്. കുമാറാണ് സംഘത്തിന്റെ മുൻ പ്രസിഡന്റ്. 2004ലാണ് സംഘം പ്രവർത്തനമാരംഭിച്ചത്. മണക്കാട്, ശാസ്തമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളിൽ ശാഖകളുണ്ട്. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് സൊസൈറ്റി.
അന്വേഷണം ക്രൈംബ്രഞ്ചിന്
സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്തിലായിരിക്കും അന്വേഷണം. മൂന്ന് കോടി രൂപയിൽ കൂടുതലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 12 കേസുകൾ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്തു. സ്റ്റാച്യു സ്വദേശി ടി. സുധാദേവിയുടേ (77) പരാതിയിലാണ് ആദ്യം
കേസെടുത്തത്. ഇവർക്ക് 8.5 ലക്ഷം രൂപയാണ് നഷ്ടമായത്. 2017 മാർച്ച് 4 മുതൽ ഇവർ പല തവണകളായി പണം നിക്ഷേപിച്ചു. കഴിഞ്ഞ ഏപ്രിൽ 28ന് നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായെങ്കിലും പണം തിരികെ നൽകിയില്ല. 50 ലക്ഷം രൂപ മുതൽ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |