മലയാള സിനിമയെ ഏറെ സ്‌നേഹിച്ചിട്ടുള്ള നടിയാണ് താനെന്ന് ലാലി പിഎം. താൻ അഭിനയിച്ചതിൽ കൂടുതലും ന്യൂജനറേഷൻ കുട്ടികൾക്കൊപ്പമാണെന്നും അവരെല്ലാവരും മറ്റുള്ളവരോട് മര്യാദയ്ക്ക് പെരുമാറുന്നവരാണെന്നും ലാലി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലാലി വെളിപ്പെടുത്തി. 'എന്നോടും മോശമായി പെരുമാറുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ നടക്കത്തില്ലെന്ന് കൃത്യമായി തന്നെ പറഞ്ഞു. ഇങ്ങനെ ബോൾഡായി തീരുമാനമെടുത്തതിന് ശേഷം മെസേജൊന്നും അയച്ചിട്ടില്ല.
പക്ഷേ എല്ലാവരുടെയും മുന്നിൽവച്ച് സെക്സ് ജോക്കുകൾ പറയും. നല്ലതായി നിന്നാൽ ഞങ്ങൾ വർക്കൊക്കെ വാങ്ങിത്തരുമെന്ന് പൊതുവായി പറയുക, എന്നോട് മോശമായി പെരുമാറിയ വ്യക്തി തന്നെ ഡബ്ല്യുസിസിയിലെ അംഗങ്ങളെ കുറ്റം പറയുകയൊക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളപ്പോഴും നമ്മൾ ആരാണെന്ന് വെളിവാക്കിയാൽ ഒരു പക്ഷേ ഇതിൽ നിന്ന് വിട്ടുനിൽക്കാൻ പറ്റുമായിരിക്കും. എന്നേപ്പോലെ ധൈര്യമുള്ളവർക്ക് അത് പറ്റുമായിരിക്കും. പക്ഷേ എനിക്കറിയില്ല, ഈ കൊച്ചുകുട്ടികൾ എങ്ങനെയാണ് അതിനെ സ്വീകരിക്കുന്നതെന്ന്.
ഞാൻ എന്തുകൊണ്ട് പരാതി പറഞ്ഞില്ലെന്ന് ആൾക്കാർ ചോദിച്ചേക്കാം. സിനിമ എന്നത് ഒരു കൂട്ടായ കലയാണ്. നമ്മൾ എന്തെങ്കിലും പറഞ്ഞ് ഇത് നിർത്തിവച്ചാൽ അത് സിനിമയ്ക്ക് തന്നെ ദോഷമാണെന്ന് വിചാരിച്ചാണ് സത്യത്തിൽ ഞാൻ പ്രശ്നമാക്കാതിരുന്നത്. പക്ഷേ പറയേണ്ടത് പറയേണ്ടയിടത്ത് കൃത്യമായി പറഞ്ഞിട്ടുണ്ട്.
അനാർക്കലി പറഞ്ഞൊരു കാര്യമുണ്ട്. സിനിമാ സെറ്റിൽ അവർ എല്ലാവരും ഇരുന്ന് ജോക്ക് പറയുകയാണ്. ഇപ്പോൾ ഉള്ള സ്‌റ്റേജ് ഷോകളൊക്കെ നടത്തുന്ന ഗായിക കണ്ണൂരിൽ ഒരു ഉത്സവത്തിന് പോയ കഥ പറയുകയാണ് നടൻ. ഉത്സവം നടത്തുന്നവർ തമ്മിൽ പ്രശ്നമായി. കൂടെയുള്ളവരൊക്കെ ഓടി. ഗായികയോട് ഇങ്ങോട്ട് വാ, ഇങ്ങോട്ട് വാ എന്നുപറഞ്ഞു. അവർ വിചാരിച്ച് രക്ഷിക്കാനാണെന്ന്. അവന്മാർ കൊണ്ടുപോയി ചെയ്തുവിട്ടെന്ന് ഈ നടൻ ജോക്ക് പറയുകയാണ്. അനാർക്കലി ഇതും പറഞ്ഞ് കരയുകയാണ്. ആ നടന്റെ മകൾ ഒരു പാട്ടുകാരിയാണെങ്കിൽ ഇത് പറയുമോയെന്ന് ചോദിച്ച് അവൾ കരയുകയാണ്. ഇത് കേൾക്കേണ്ടി വരികയാണ് നമ്മൾ. വേറെയൊരാളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് പെൺകുട്ടികളുടെ മുന്നിൽവച്ച് ഇങ്ങനെ പറയുകയാണ്. ഇത് കേട്ട് എല്ലാവരും ചിരിക്കുകയാണ് അവിടെ. ഇതെല്ലാം പ്രശ്നമാണ്.'- ലാലി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |