ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എൽസിയു) ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്ത മൂന്ന് സിനിമകളോടെ എൽസിയു സിനിമകൾ അവസാനിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. 'വിക്രം 2' ആയിരിക്കും ഈ യൂണിവേഴ്സിലെ അവസാന സിനിമ.
ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എൽസിയുവിന്റെ ഭാഗമായി ഉടൻ തന്നെ 'കെെതി 2' ആരംഭിക്കുമെന്നും അതിന് ശേഷം റോളക്സിന്റെ സ്റ്റാൻഡ് എലോൺ സിനിമ ചെയ്യുമെന്നും ലോകേഷ് വ്യക്തമാക്കി. വിക്രം 2വോടെ എൽസിയുവും അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിയോ 2 ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷേ വിജയ് അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചതോടെ അത് ഇനി നടക്കില്ലെന്നും ലോകേഷ് പറഞ്ഞു.
2019ൽ പുറത്തിറങ്ങിയ 'കെെതി' എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ടത്. പിന്നീട് 'വിക്രം' എന്ന സിനിമയിലൂടെയാണ് ഈ യൂണിവേഴ്സ് തെന്നിന്ത്യ മുഴുവൻ ചർച്ചയായി. 'ലിയോ' എന്ന സിനിമയാണ് എൽസിയുവിന്റെ ഭാഗമായി ഒടുവിൽ പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |