തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരനായ തമിഴ് നടനാണ് ശിവകാർത്തികേയൻ. ചെറിയ വേഷങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിൽ അവതാരകനായും തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ ഇന്ന് മലയാള സിനാമാസ്വാദകരുടെയും പ്രിയ താരം കൂടിയാണ്. സിനിമാലോകം മുഴുവൻ ഇപ്പോൾ ഒന്നടങ്കം ചർച്ച ചെയ്യുന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനായി എത്തിയ അമരൻ. വീരമൃത്യു വരിച്ച സൈനികന്റെ യഥാർത്ഥ കഥ പറയുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നടി. ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം ചുരുക്കം ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയിരിക്കുകയാണ്.
ഇതോടെ സോഷ്യൽമീഡിയയിലും അമരന്റെ ഗാനങ്ങളും റീലുകളും വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ ശിവകാർത്തികേയന്റെ ഭാര്യ ആർഥി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ ഏഴര മില്യൺ ഫോളോവേഴ്സുളള ശിവകാർത്തികേയൻ ഫോളോ ചെയ്യുന്നത് തന്നെ മാത്രമാണെന്നാണ് ഭാര്യയുടെ പോസ്റ്റ്. ഇതോടെ ആർഥിയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശിവകാർത്തികേയനെ ഒരുപാട് സ്നേഹിക്കുന്നു, ഉത്തമനായ ഭർത്താവ് എന്ന തരത്തിലാണ് പ്രതികരണങ്ങൾ വരുന്നത്.
രാജ്‍കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത അമരനിൽ മേജർ മുകുന്ദ് വരദരാജായിട്ടാണ് ശിവകാർത്തികേയൻ വേഷമിട്ടിരിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ്, വികാസ് ബംഗർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |