തിരുവനന്തപുരം : നടൻ സിദ്ദിഖിനെതിരായ പരാതിയിൽ പൊലീസ് യുവനടിയുടെ മൊഴിയെടുത്തു. സിദ്ദിഖിനെതിരെ ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്,. മൊഴി രേഖപ്പെടുത്തിയ പ്രത്യേക സംഘം കോടതി വഴി രഹസ്യമൊഴിയുമെടുക്കും, ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോൾ ഡി.ജി.പി പ്രത്യേക ഉത്തരവുകളിറക്കും.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി 2016ൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്. നിള തിയേറ്ററിൽ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടതെന്നും ഇതിന് ശേഷം സിനിമാ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. ഇന്നലെ ഡി.ജി.പിക്ക് കൈമാറിയ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്. ഇന്ന് രാവിലെ കേസെടുത്ത ശേഷമാണ് മ്യൂസിയം എസ്,ഐ ആശാ ചന്ദ്രൻ നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം ഉയർന്നതിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. കൂടാതെ നടിക്കെതിരെ സിദ്ദിഖ് ഡി ജി പിയ്ക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മലയാള സിനിമാ വ്യവസായത്തെ ആസൂത്രിതമായി കരിവാരിത്തേയ്‌ക്കാൻ നടക്കുന്ന ക്രിമിനൽ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
2016 ജനുവരിയിലോ ഫെബ്രുവരിയിലോ തിരുവനന്തപുരം നിള തിയേറ്ററിൽ തന്റെ "സുഖമായിരിക്കട്ടേ" സിനിമയുടെ പ്രിവ്യൂവിനാണ് നടിയെ കണ്ടത്. മാതാപിതാക്കൾക്കൊപ്പമാണ് സംസാരിച്ചത്. മോശമായി സംസാരിക്കുകയോ ലൈംഗികമായി പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. എട്ടര വർഷത്തിനിടെ താൻ ബലാത്സംഗം ചെയ്തെന്ന് അവർ പറഞ്ഞിട്ടില്ല. ഇതിനിടെ 2019ലും 2021ലും രണ്ടു വട്ടം തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ആരോപണങ്ങളിലും ബലാത്സംഗം ആരോപിച്ചിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |