അവൻ കോഴിയാണ്... എന്ന് ഒരാളെക്കുറിച്ച് പറഞ്ഞാൽ അയാൾ സ്ത്രീലമ്പടനാണ്, ലൈംഗിക താൽപ്പര്യം തീർക്കാൻ എന്തുമാർഗവും സ്വീകരിക്കുന്നവനാണ് എന്നൊക്കെയാണ് പൊതുവെ അർത്ഥമാക്കുന്നത്. അതായത് അയാളുടെ സ്വഭാവം അത്ര നന്നല്ല എന്ന്. തമാശയ്ക്കും അല്ലാതെയും പലരെയും കുറിച്ച് ഇങ്ങനെ പറയാറുണ്ട്. ചിലപ്പോൾ സ്ത്രീകളെയും കോഴി പ്രയോഗത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ അറിയുക കോഴി എന്ന സ്ഥാനപ്പേര് പുരുഷന്മാർക്ക് മാത്രം സ്വന്തമാണ്. ലൈംഗിക വിഷയങ്ങളിലടക്കം പ്രശ്നക്കാരായ സ്ത്രീകളെ കുറിക്കാൻ ആ വാക്ക് ഉപയോഗിക്കില്ല എന്ന് അർത്ഥം.
സ്ഥാനത്തും അസ്ഥാനത്തും കോഴി എന്ന വാക്ക് പ്രയോഗിക്കുമെങ്കിലും ആ വാക്ക് എങ്ങനെ ഉണ്ടായെന്ന് അറിയാമോ?. ഇത് അറിയാൻ പുരാണത്തിലേക്ക് പോകേണ്ടിവരും. അഹല്യയുടെ ശാപവുമായി ബന്ധപ്പെട്ടുണ്ടായതാണ് ആ പ്രയോഗം എന്നാണ് ഒരുപക്ഷം പറയുന്നത്. അതിങ്ങനെ:
അതിസുന്ദരിയായിരുന്ന അഹല്യാദേവിയെ കാണാൻ പലപ്പോഴും ദേവേന്ദ്രൻ അവരുടെ ആശ്രമത്തിൽ വരാറുണ്ടായിരുന്നു. പലകാരണങ്ങൾ പറഞ്ഞുള്ള ഈ സന്ദർശനത്തിൽ അഹല്യയുടെ ഭർത്താവ് ഗൗതമ മഹർഷി സംശയവാനായി തീർന്നു. പലവഴിയും നോക്കിയിട്ടും അഹല്യയെ പ്രാപിക്കാൻ കഴിയാതിരുന്ന ദേവേന്ദ്രൻ അതിനായി ഒരുവഴി കണ്ടുപിടിച്ചു. ഒരിക്കൽ പാതിരാത്രിയിൽ പൂവൻ കോഴിയുടെ രൂപത്തിലെത്തിയ ഇന്ദ്രന്റെ കൂവൽ കേട്ട് നേരം വെളുക്കാറായി എന്നുകരുതി ഗൗതമ മഹർഷി ആശ്രമത്തിൽ നിന്ന് പുറത്തേക്കുപോയി. ഈ സമയം ഗൗതമ മഹർഷിയുടെ രൂപത്തിൽ അഹല്യയുടെ അടുത്തെത്തിയ ഇന്ദ്രൻ അവരെ പ്രാപിച്ചു. താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് സ്വന്തം ഭർത്താവാണെന്നായിരുന്നു അഹല്യ കരുതിയിരുന്നത്. പ്രഭാത കർമ്മങ്ങൾക്ക് പുറത്തേക്കുപോയ ഗൗതമ മഹർഷി തനിക്ക് സമയം തെറ്റിപ്പോയി എന്നു മനസിലാക്കി തിരിച്ചുവന്നു. നടന്ന സംഭവങ്ങൾ അദ്ദേഹത്തിന് മനസിലായി. കലിപൂണ്ട അദ്ദേഹം ഇന്ദ്രനേയും അഹല്യയേയും ശപിച്ചു. .
മഹർഷിയെ കണ്ട് പൂച്ചയുടെ രൂപത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ദേവേന്ദ്രനെ സഹസ്രഭഗനായും (ആയിരം ലിംഗങ്ങളുള്ളവൻ ), അഹല്യയെ ശിലയായുമായാണ് ശപിച്ചത്. ശരീരം മുഴുവൻ പുരുഷ ലിംഗങ്ങളുമായി നാണക്കേടുകാരണം പുറത്തിറങ്ങാനാവാതെ ഇന്ദ്രൻ ഓടിയൊളിച്ചു. ഒടുവിൽ ദേവന്മാരുടെ അപേക്ഷയനുസരിച്ച് ദേവേന്ദ്രനെ പിന്നീട് സഹസ്രാക്ഷനായി മാറ്റുകയും (ആയിരം കണ്ണുകളുള്ളവൻ, പക്ഷേ ഈ കണ്ണുകൾ പുറമേയ്ക്ക് കാണില്ല) ശാപമോക്ഷത്തിനായി ത്രിമൂർത്തികളെ തപസുചെയ്ത് ശാപമോക്ഷം കൈവരിക്കാൻ അനുഗ്രഹിക്കുകയും ചെയ്തു. അഹല്യക്ക് ത്രേതായുഗം വരെ കാത്തിരിക്കാനും ത്രേതായുഗത്തിൽ മഹാവിഷ്ണുവിന്റെ പാദസ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുമെന്നും അനുഗ്രഹിക്കുക്കുകയും ചെയ്തു.
തന്റെ ലൈംഗിക താത്പര്യം നടപ്പാക്കാൻ ഇന്ദ്രൻ സ്വീകരിച്ചത് പൂവൻകോഴിയുടെ രൂപമാണല്ലോ. അതുകൊണ്ടാണ് ലൈംഗിക ലക്ഷ്യത്താേടെ സ്ത്രീകളെ സമീപിക്കുന്ന പുരുഷന്മാരെ കുറിക്കാൻ കോഴി എന്ന് പ്രയോഗിച്ചുതുടങ്ങിയത്.
അടുത്തകാരണം ശാസ്ത്രീയമാണ്. പൂവൻകോഴികൾക്ക് പെട്ടെന്ന് ലൈംഗിക താത്പര്യം ഉണ്ടാവുകയും ഇണയിൽ അത് തീർക്കുകയും ചെയ്യും. ഇണ വഴങ്ങിയില്ലെങ്കിൽ ബലം പ്രയോഗിച്ചും സമയവും സന്ദർഭവും നോക്കാതെയും ആഗ്രഹം നടപ്പാക്കുകയും ചെയ്യും. ഇത്രപെട്ടെന്ന് ലൈംഗിക താത്പര്യം ഉണ്ടാകുന്ന മറ്റൊരു ജീവിയും ഭുമിയിൽ ഇല്ലത്രേ. ഇതുപോലുള്ളവൻ എന്ന് സൂചിപ്പിക്കാനാണ് കോഴി എന്ന് പ്രയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |