തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി.) ബിസിനസ് 10,000 കോടി രൂപയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. സംരംഭകത്വവും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കെ.എഫ്.സി സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനലഭ്യത ഉറപ്പുവരുത്തി ഈ മേഖലയിലുള്ളവരോട് ആശയവിനിമയം നടത്തുന്നതിനും കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുതിപ്പും ഊർജവും പകരാനുമാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെ.എഫ്.സി യുടെ ധനസഹായത്തോടെ 800 കോടി രൂപ വിറ്റുവരവുള്ള വ്യവസായ സ്ഥാപനങ്ങൾ വരെ മികച്ച നിലയിൽ പ്രവർത്തിക്കുന്നുവെന്നത് അഭിമാനകരമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെയിലും വായ്പകളുടെ പലിശ കുറയ്‌ക്കാനും കെ.എഫ്.സിയുടെ മൂലധന നിക്ഷേപം 300 കോടിയിൽ നിന്ന് ഇരട്ടിയാക്കുവാനും സർക്കാരിന് കഴിഞ്ഞു.
ഈ വർഷത്തെ കെഎഫ്‌സിയുടെ ലാഭവിഹിതമായ 35.83 കോടി രൂപയുടെ ചെക്ക് ചടങ്ങിൽ വെച്ച് കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കൗൾ മന്ത്രിക്ക് കൈമാറി.
മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാര വിതരണവും കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എഫ്.സി എക്‌സിക്യൂട്ടിവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരി ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ, ടി.ഐ.ഇ കേരള എക്‌സി. ഡയറക്ടർ അരുൺ നായർ, സി.ഐ.ഐ മുൻ ചെയർമാൻ എം.ആർ നാരായണൻ, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ധീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |