തിരുവനന്തപുരം: ക്ളാസ്, 3,4 വിഭാഗം തസ്തികകളിലെ പി.എസ്.സി.നിയമനങ്ങൾക്കുള്ള സ്പോർട്സ് ക്വാട്ടയിൽ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.ഇതോടെ സംസ്ഥാനത്ത് 52കായിക ഇനങ്ങളിൽ സ്പോർട്സ് ക്വാട്ട നിയമനത്തിന് അർഹത നേടാനാകും. അതേസമയം നിലവിലെ സ്പോർട്സ് ക്വാട്ട വർദ്ധിപ്പിക്കാത്തത് ആശങ്കയായി.
റോളർ സ്‌കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് &അമേച്വർ റോവിംഗ്, ആട്യ പാട്യ,ത്രോ ബാൾ,നെറ്റ്‌ബാൾ,ആം റെസ്‌ലിംഗ്,അമച്വർ ബോക്സിംഗ്,യോഗ, സെപക്തക്ര,റഗ്‌ബി,റോൾ ബാൾ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തുക. പരീക്ഷകളിൽ കായികതാരങ്ങൾക്കുള്ള അധികമാർക്കിനാണ് ഈയിനങ്ങളിലെ സർട്ടിഫിക്കറ്റുകൾ പരിഗണിക്കുക. നിലവിൽ 40കായികഇനങ്ങളുണ്ട്.
കൂടുതൽ കായിക ഇനങ്ങൾ ഉൾപ്പെടുത്തുമ്പോൾ സ്പോർട്സിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഈ തീരുമാനം. തദ്ദേശീയമായ കായിക ഇനങ്ങളാണ് ഇപ്പോൾ ഉൾപ്പടുത്തിയത് എന്നതിനാൽ അത്തരത്തിലുള്ള കായിക ഇനങ്ങൾക്ക് കൂടുതൽ പ്രചാരം കൈവരും .
ആശങ്കകൾ ഇങ്ങനെ
1. സ്പോർട്സ് ക്വാട്ട കൂട്ടാതെ കൂടുതൽ കായികഇനങ്ങളെ ഉൾപ്പെടുത്തിയത് അത്‌ലറ്റിക്സ് പോലെ പ്രമുഖമായതും വിജയിക്കാൻ പ്രയാസമേറിയതുമായ കായികഇനങ്ങളിൽ നിന്ന് താരങ്ങളെ അകറ്റും.
2. കുറച്ചു സംസ്ഥാനങ്ങളിൽ മാത്രമുള്ള ,ദേശീയ തലത്തിൽ താരതമ്യേന മത്സരം കുറഞ്ഞ ഇനങ്ങളിൽ കിട്ടുന്ന സർട്ടിഫിക്കറ്റിനും അത്‌ലറ്റിക്സും ഫുട്ബാളും ഹോക്കിയും പോലുള്ള ഇനങ്ങളിൽ നേടുന്ന സർട്ടിഫിക്കറ്റിനും ഒരേ മൂല്യം. ഇതോടെ എളുപ്പം മെഡൽ കിട്ടുന്ന ഇനങ്ങളിലേക്ക് കഴിവുള്ള കുട്ടികൾപോലും കൂടുമാറും.
3. ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടുള്ള കായിക ഇനങ്ങളിൽ മത്സരിക്കുന്നവരെ അപ്രസക്തരാക്കി പുതിയ കായിക ഇനങ്ങളിലുള്ളവർ സ്പോട്സ് ക്വാട്ട കയ്യടക്കുന്ന സാഹചര്യമുണ്ടാകാം.സ്പോർട്സ് ക്വാട്ടയിലുൾപ്പെടുത്തിയിട്ടുള്ള 52കായികഇനങ്ങളിൽ മുപ്പതോളം ഇനങ്ങൾ മാത്രമാണ് ഒളിമ്പിക് ഇനങ്ങൾ.
വേണം ശാസ്ത്രീയ മൂല്യനിർണയം
ഓരോ കായിക ഇനത്തിന്റേയും പ്രാധാന്യം ശാസ്ത്രീയമായി നിർണയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് ക്വാട്ട നിയമനത്തിൽ നിശ്ചിത ശതമാനം അനുവദിച്ചാൽ ആശങ്കകൾ അകറ്റാം.
580 നിയമനം
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 110പേർക്കാണ് സ്പോർട്സ് ക്വാട്ട നിയമനം കിട്ടിയത്. ഒന്നുംരണ്ടും പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് 580പേർക്ക് നിയമനം കിട്ടി. ഇതിൽ 137പേരും പൊലീസിലാണ്.
ബോർഡിന്റെ പേരിൽ ആശയക്കുഴപ്പം: മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു
ന്യൂഡൽഹി: കേരളത്തിലെ ഹയർസെക്കൻഡറി ബോർഡിന് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി മലയാളി വിദ്യാർത്ഥികൾക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള പ്ലസ് ടു സർട്ടിഫിക്കറ്റിൽ കേരള ബോർഡ് ഒഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കൗൺസിൽ ഒഫ് ബോർഡ്സ് ഒഫ് സ്കൂൾ എജ്യുക്കേഷന്റെ വെബ്സൈറ്റിൽ കേരള ബോർഡ് ഒഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ എന്നാണുള്ളത്. ഇക്കാരണത്താൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ഹൻസരാജ്, ദയാൽ സിംഗ് ഉൾപ്പെടെയുള്ള കോളേജുകൾ യോഗ്യരായ വിദ്യാർത്ഥികളുടെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു.
ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുസ്ളിംലീഗ് രാജ്യസഭാ എം.പി ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷവും ഇത്തരം അപാകതകൾ മാദ്ധ്യമങ്ങൾ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും കേരള സർക്കാരോ ഉന്നത വിദ്യാഭ്യാസ വകുപ്പോ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും എം.പി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |