കെ-ഷോപ്പി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമിന് തുടക്കം
തിരുവനന്തപുരം: പദ്ധതികൾ തുടങ്ങാൻ എളുപ്പമാണെന്നും അവ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് ഭാവിയെന്നും വ്യവസായ, കയർ മന്ത്രി പി.രാജീവ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണവും വിലയിരുത്തലും വഴി പദ്ധതികളെ വിജയമാക്കാമെന്ന് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ കെ-ഷോപ്പിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കെ-ഷോപ്പിയിലൂടെ ഹാൻടെക്സിൽ നിന്നും മുണ്ട് വാങ്ങിയാണ് പി. രാജീവ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മുണ്ട് തിരുവനന്തപുരം അസി. പോസ്റ്റ്മാസ്റ്റർ ജനറൽ ഡോ.വിഷ്ണു അംബരീഷ് മന്ത്രിക്ക് കൈമാറി. രാജ്യത്തെ പ്രമുഖ ഓൺലൈൻ വില്പന സ്റ്റോറുകൾ നൽകുന്നതിലധികം സേവനങ്ങൾ കെ-ഷോപ്പിയിലൂടെ നൽകണമെന്ന് മന്ത്രി നിർദേശിച്ചു.
കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങൾ യഥാസമയം വിതരണം ചെയ്യണം. സംസ്ഥാനത്ത് മികച്ച വ്യവസായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഇലക്ട്രിക്കൽ, ടെക്‌സ്‌റ്റൈൽ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം ശ്ളാഘനീയമാണ്. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകിയ വ്യവസായ ഇടനാഴിക്കായി റെക്കാഡ് വേഗത്തിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയതിനെ കേന്ദ്രം അഭിനന്ദിച്ചിരുന്നു. ഒന്നാം ഘട്ടം അതിവേഗം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിനോട് അനുബന്ധിച്ചിട്ടുള്ള ആഗോള നഗര പദ്ധതി വൈകാതെ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം .മുഹമ്മദ്
ഹനീഷ് അദ്ധ്യക്ഷത വഹിച്ചു. കെൽട്രോൺ മാനേജിംഗ് ഡയറക്‌ടർ വൈസ് അഡ്മിറൽ ശ്രീകുമാർ നായർ പോർട്ടലിന്റെ പ്രവർത്തനം വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |