കൊച്ചി: മരിച്ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച് 11 വർഷം ഒളിവിൽ കഴിഞ്ഞ തൊടുപുഴ ജില്ല സെഷൻസ് കോടതിയിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ എം.എം. ജെയിംസിനെ കുടുക്കിയത് സ്വന്തം കണ്ണുകൾ. ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള സർട്ടിഫിക്കറ്റിനായി മൂവാറ്റുപുഴ ഐ ആൻഡ് ഇയർ ക്ളിനിക്കിൽ നടത്തിയ പരിശോധനയാണ് പൊലീസിന് തുമ്പായത്. അതിനിടെ പീരുമേട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ജെയിംസിന് ജാമ്യം ലഭിച്ചു. ബന്ധുക്കളാണ് ജാമ്യം നിന്നത്.
തിരോധാനക്കേസ് അന്വേഷണത്തിനിടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയത് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം, മോട്ടോർ വാഹന വകുപ്പിൽ ജെയിംസ് സമർപ്പിച്ച രേഖകൾ ശേഖരിച്ചതോടെയാണ് അന്വേഷണത്തിന് വഴിതുറന്നത്. കണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകിയ ഡോ. പി.കെ. അലിയെ കണ്ടെത്തി മൊഴിയെടുത്തു. പരിശോധനയ്‌ക്ക് ജെയിംസ് നേരിട്ട് ആശുപത്രിയിൽ എത്തിയെന്ന് സ്ഥിരീകരിച്ചു. ബാങ്ക് ജപ്തി ചെയ്ത വിലാസത്തിനു പകരം നൽകിയ വിലാസവും പുതിയ ഫോൺ നമ്പറും ലഭിച്ചതോടെ അന്വേഷണത്തിന് വഴിത്തിരിവായി.
2013ൽ നാടുവിട്ട ജെയിംസ് ഏറെക്കാലം ചെന്നൈയിലായിരുന്നു. പിന്നീട് എറണാകുളത്തുൾപ്പെടെ ഒളിവിൽക്കഴിഞ്ഞു. വൻതുകയ്ക്കാണ് വയനാട് മേപ്പാടിയിൽ ഭൂമി വാങ്ങിയത്. അവിടെ കൃഷിയുമായി കഴിയുകയായിരുന്നു. മുൻ പബ്ലിക്ക് പ്രോസിക്യൂട്ടറായ താൻ അതേ കോടതിയിൽ കുറ്റവാളിയെപ്പോലെ നിൽക്കേണ്ട സാഹചര്യം ഓർത്താണ് നാടുവിട്ടതെന്നാണ് ജെയിംസിന്റെ വെളിപ്പെടുത്തൽ.
ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ജെയിംസ് നിരവധിപേരിൽ നിന്നായി 90 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. കടത്തിൽ മുങ്ങിയാണ് നാടുവിടൽ. 2019 ൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസിലെ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും.
''ഞാൻ നൽകിയ റിപ്പോർട്ട് അന്വേഷണത്തിൽ വഴിത്തിരിവായതിൽ സന്തോഷമുണ്ട്. നേരിട്ട് വരാത്ത ഒരാൾക്കുപോലും സർട്ടിഫിക്കറ്റ് നൽകാറില്ല.
- ഡോ. പി.കെ. അലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |