വാഷിംഗ്ടൺ: യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസിനെതിരെ അശ്ലീല പരാമർശവുമായി ഡോണാൾഡ് ട്രംപ്. രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമല മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയർത്തിയത്.
ട്രൂത്ത് സോഷ്യലിലെ യൂസറിന്റെ പോസ്റ്റ് പങ്കുവച്ചാണ് ട്രംപിന്റെ ആരോപണം. കമല ഹാരിസന്റേയും ഹിലരി ക്ലിന്റേയും ചിത്രങ്ങൾ പങ്കുവച്ചാണ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് വന്നത്. ഹിലരി ക്ലിന്റണിന്റെ ഭർത്താവ് ബിൽ ക്ലിന്റണും മോണിക്ക ലെവൻസ്കിയും തമ്മിലുള്ള വിവാദവും കമല ഹാരിസും വില്ലി ബ്രൗണും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നതിനായിരുന്നു ഇരുവരുടേയും ചിത്രങ്ങൾ പങ്കുവച്ചത്.
1990കളിൽ കാലിഫോർണിയ സ്റ്റേറ്റിന്റെ സ്പീക്കറായിരിക്കുന്ന സമയത്ത് സാൻഫ്രാൻസിസ്കോ മേയറും കമല ഹാരിസും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഇവരുടെ രാഷ്ട്രീയ ഉയർച്ചക്ക് കാരണമായെന്ന ആരോപണമാണ് പോസ്റ്റ് പങ്കുവച്ച് ട്രംപ് ഉയർത്തുന്നത്.
അതേസമയം,നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പുതിയ കുരുക്കുമായി പ്രോസിക്യൂട്ടർമാർ രംഗത്തെത്തിയിരുന്നു. 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ട്രംപിനെതിരെ പുതിയ കുറ്റങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിച്ചു. ഔദ്യോഗിക പദവിയിലിരുന്ന് ചെയ്ത കാര്യങ്ങൾക്ക് വിശാല നിയമ സംരക്ഷണമുണ്ടെന്ന സുപ്രീംകോടതി വിധി മറികടക്കാൻ പുതിയ കുറ്റപത്രം സഹായിക്കുമെന്നാണ് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷ.
കമലയ്ക്ക് സ്വീകാര്യത
കൂടുന്നു
ഇന്നലെ റോയിട്ടേഴ്‌സ്/ഇപ്‌സോസ് പ്രസിദ്ധീകരിച്ച വോട്ടെടുപ്പിൽ കമലയ്ക്ക് ട്രംപിനെക്കാൾ മുൻതൂക്കം.
45% മുതൽ 41% വരെയാണ് ലീഡ് ചെയ്യുന്നത്. ഇത് ഡെമോക്രാറ്റിക് പാർട്ടിയ്ക്കും പ്രവർത്തകർക്കും ആവേശം പകരുന്നുണ്ട്. എട്ട് ദിവസങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.
സ്ത്രീകൾക്കും ഹിസ്പാനിക്കുകൾക്കും ഇടയിൽ കമലയ്ക്ക് മികച്ച പിന്തുണ നേടിയതായും കാണിച്ചു. ജൂലായിൽ നടത്തിയ നാല് റോയിട്ടേഴ്‌സ്/ഇപ്‌സോസ് വോട്ടെടുപ്പുകളിൽ ഹാരിസിന് ഇവർക്കിടയിൽ വലിയ പിന്തുണ ഇല്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |