മുംബയ്: ബോളിവുഡ് താരം ഷാരൂഖ് ഖാന് നേരെ വധഭീഷണി. റായ്‌പൂരിൽ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോളെത്തിയത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാൻ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മോഷണം പോയ ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഒക്‌ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണി സന്ദേശമെത്തിയിരുന്നു. തുടർന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും പൊലീസ് അദ്ദേഹത്തിന് ഏർപ്പാടാക്കിയിരുന്നു. ആറ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിനൊപ്പമുണ്ട്. നേരത്തേ ആയുധമേന്തിയ രണ്ട് ഉദ്യോഗസ്ഥരായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്.
സൽമാൻ ഖാനെ ലക്ഷ്യം വച്ച് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നതിനിടെയാണ് ഇപ്പോൾ ഷാരൂഖിനേയും ചിലർ ലക്ഷ്യമിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് സൽമാന്റെ ജീവൻ സംരക്ഷിക്കണമെങ്കിൽ അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബയ് പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസാപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |