മാഡ്രിഡ്: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധമെന്നറിയപ്പെടുന്ന പരമ്പരാഗത ടൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ചുവന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ പഴുത്ത തക്കാളികൾ പരസ്പരമെറിയുന്നതാണ് രീതി. ഇന്നലെ നടന്ന ഫെസ്റ്റിവലിൽ 22,000-ത്തോളം പേരാണ് പങ്കെടുത്തത്.
എല്ലാ വർഷവും ആഗസ്റ്റ് അവസാന വാരത്തിൽ വലൻസിയയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബുനോൾ തെരുവിലാണ് ടൊമാറ്റിന ഫെസ്റ്റിവൽ നടക്കുന്നത്. ഏഴ് ട്രക്കുകളിലായി 150 ടൺ തക്കാളിയാണ് ഫെസ്റ്റിവലിന് വേണ്ടി എത്തിച്ചത്. വർഷത്തിൽ ഒരിക്കൽ നടക്കുന്ന സ്പെയിനിന്റെ പരമ്പരാഗത ആഘോഷത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുമൂള്ള നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്.
ഉത്സവത്തിന്റെ തുടക്കം
ലാ ടൊമാറ്റിന ഉത്സവത്തിന്റെ ആരംഭത്തെക്കുറിച്ച് പല കഥകൾ നിലവിലുണ്ട്. 1945 ലെ നാടോടി ഉത്സവത്തിനിടെ രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ഇതേത്തുടര്‍ന്ന് സമീപത്തുള്ള പച്ചക്കറികടയിൽനിന്നു തക്കാളിയെടുത്ത് ഇരുക്കൂട്ടരും എറിയാൻ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. അടുത്ത വർഷം മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം വീട്ടിൽനിന്നു തക്കാളികളുമായെത്തിയ ഒരുകൂട്ടം യുവാക്കൾ അവ പരസ്പരമെറിഞ്ഞ് ആ ദിവസത്തിന്റെ ഓർമ പുതുക്കി. ഇതോടെ ‘ലാ ടൊമാറ്റിന’ ഉത്സവത്തിന് തുടക്കമായി എന്നതാണ് പ്രബലമായ ഒരു കഥ. 1952ൽ ഔദ്യോഗിക അംഗീകാരമുള്ള ഉത്സവമായി തക്കാളിയേറ് മാറി.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവം
നൃത്തവും പാട്ടും പരേഡുമുൾപ്പടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഇന്ന് ലാ ടൊമാറ്റിന. സ്ത്രീകൾക്കായി ഒരു പാചക മത്സരവും തക്കാളിയേറിനു മുന്നോടിയായി സംഘടിപ്പിക്കുന്നു. സ്പെയിനിൽ കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന കാലയളവു കൂടിയാണിത്. ആളുകളുടെ തളളിക്കയറ്റം ഒഴിവാക്കാൻ 2013 മുതലാണ് ലാ ടൊമാറ്റോയിൽ പങ്കെടുക്കാൻ ടിക്കറ്റ് നിർബന്ധമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |