കൊല നടന്നത് 26 വർഷം മുമ്പ്
തിരുവനന്തപുരം: ഭാര്യയ്ക്ക് ജോലി വാങ്ങി നൽകാത്തതിനെ ചൊല്ലിയുളള വഴക്കിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി തോടിന് സമീപം തള്ളിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. 26 വർഷം മുമ്പ് നടന്ന കൊലപാതകം ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചുമാണ് അന്വേഷിച്ചത്.
കുടപ്പനക്കുന്ന് പാതിരിപ്പളളി കുഴിവിള കോളനി വിജയഭവനിൽ ശ്രീകുമാരൻ നായർ, കരകുളം മുല്ലശ്ശേരി നെട്ടറ ശാന്തിഭവനിൽ സുരേഷ് കുമാർ എന്നിവരെയാണ് ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ വെറുതെ വിട്ടത്. കുടപ്പനക്കുന്ന് പ്രിയഭവനിൽ സുകുമാരനാണ് കൊല്ലപ്പെട്ടത്. 1998 സെപ്തംബർ 28 ന് രാത്രി 11നായിരുന്നു സംഭവം. പ്രതികൾ സുകുമാരനൊപ്പം മദ്യപിച്ച ശേഷം പാതിരിപ്പളളി മുലൈത്തല പാലത്തിന് സമീപം എത്തിയപ്പോഴായിരുന്നു വാക്കുതർക്കം. ശ്രീകുമാരൻ നായരുടെ ഭാര്യയ്ക്ക് സുകുമാരൻ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞിരുന്നു. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. പ്രതികൾ കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം സുകുമാരനെ തോട്ടിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഒന്നാം പ്രതിക്കു വേണ്ടി അഡ്വ. സാൻടി ജോർജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |