കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്കുള്ള 16-ാമത്തെ ബോട്ട് കൊച്ചിൻ കപ്പൽശാല കൈമാറി. ആറ് ബോട്ടുകൾ ഒക്ടോബറിലും രണ്ട് ബോട്ടുകൾ അടുത്ത വർഷം ആദ്യവും കൈമാറും. വൈറ്റില, കാക്കനാട്, ഹൈക്കോടതി, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്കൊച്ചി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ, മുളവുകാട് നോർത്ത് എന്നീ സ്റ്റേഷനുകളിലായാണ് 16 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തുക.
ഇതിനു പുറമേ വാട്ടർമെട്രോയ്ക്ക് അധികമായി 15 ബോട്ടുകൾ കൂടിയെത്തും. ആദ്യഘട്ടത്തിലെ 23 ബോട്ടുകൾക്ക് പുറമേയാണ് 143കോടിയോളം മുടക്കിൽ 15 ബോട്ടുകൾ കൂടിയെത്തുക. 100 സീറ്റുകളുള്ള ബോട്ടുകൾക്ക് ഇതിനോടകം ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിലെ 100സീറ്റ് ബോട്ടുകൾ ഒരെണ്ണത്തിന് 7.6 കോടിക്ക് കൊച്ചിൻ ഷിപ്പ്‌യാർഡാണ് നിർമ്മിക്കുന്നത്. പുതിയ 15 ബോട്ടുകളുടെ ടെൻഡറും ഷിപ്പ്‌യാർഡ് തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത. എന്നാൽ നിർമ്മാണത്തുക ബോട്ടൊന്നിന് 9.5 കോടിയായി ഉയരും.
100 സീറ്റ് ബോട്ടുകളിൽ 23എണ്ണത്തിലെ 16-ാമത്തെ ബോട്ടാണ് ഷിപ്പ്‌യാർഡ് കൈമാറിയത്. രണ്ടെണ്ണം ഈ മാസം ലഭിക്കും. ബാക്കിയുള്ള ഏഴെണ്ണം ഒക്ടോബറിനു മുന്നേ നൽകും. അതിനിടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന 50സീറ്റ് ബോട്ടുകൾ സംബന്ധിച്ച പദ്ധതി നീളും. ഇത്തരം 15 ബോട്ടുകൾക്ക് ലഭിച്ച ടെൻഡർ തുക ഭീമമായതിനാലാണ് ആലോചനകൾ താത്കാലികമായി നിറുത്തിവച്ചത്.
38 ടെർമിനലുകൾ പൂർത്തിയാകുമ്പോൾ 10-15 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുന്നതിന് 78 ബോട്ടുകൾ വേണമെന്നാണ് കെ.എം.ആർ.എല്ലിന്റെ കണക്ക്.
നിലവിലെ ടെർമിനലുകൾ
വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്
നിലവിലെ റൂട്ടുകൾ
ഹൈക്കോർട്ട് - ഫോർട്ട്കൊച്ചി, ഹൈക്കോർട്ട് - വൈപ്പിൻ, ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനെല്ലൂർ, വൈറ്റില - കാക്കനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |