കൊല്ലം: ജില്ലയിലെ ലഹരി മാഫിയകൾക്ക് കൂച്ചുവിലങ്ങിടാൻ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) നിരീക്ഷണം കടുപ്പിക്കുന്നു. ലഹരി ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കും. ഓണത്തോടനുബന്ധിച്ച് അന്യ സംസ്ഥാന ബസുകൾ, ട്രെയിനുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സജീവമാക്കും.
കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ നിന്ന് കൊല്ലത്തെത്തിയ അന്യസംസ്ഥാന ബസ് ഡ്രൈവറിൽ നിന്ന് ഡാൻസാഫ് സംഘം എം.ഡി.എം.എ പിടികൂടിയിരുന്നു. 2023-24 കാലയളവിൽ ഡാൻസാഫ് സംഘം നടത്തിയ 200ൽ അധികം പരിശോധനകളിൽ 702 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. 2023ൽ 492 ഗ്രാമും 2024 ഇത് വരെ 210 ഗ്രാമും എം.ഡി.എം.എയുമാണ് പിടികൂടിയിരിക്കുന്നത്. പരിശോധനയിൽ 30,700 ലഹരിഗുളികകളാണ് 2023-24 കാലയളവിൽ പിടിച്ചെടുത്തത്.
ചെറുതും വലുതുമായ 55 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കഞ്ചാവ് ഉപയോഗത്തിലും വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 17 കിലോ പിടികൂടിയപ്പോൾ ഈ വർഷം എട്ട് മാസത്തിനിടെ 69 കിലോയാണ് കണ്ടെടുത്തത്. 16 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡാൻസാഫ് സംഘം പ്രവർത്തിക്കുന്നത്. ജില്ലയിൽ ഒരു എസ്.ഐ ഉൾപ്പെടെ ഒൻപതംഗ സംഘമാണ് സംഘത്തിലുള്ളത്. പൊലീസിലെ ട്രാക്ക് റെക്കാർഡ്, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ താത്പര്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഡാൻസാഫിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
കുടുങ്ങുന്നത് യുവാക്കൾ
ലഹരി പരിശോധനകളിൽ പിടിയിലാകുന്നവരിലേറെയും 35 വയസിൽ താഴെയുള്ളവരാണെന്ന് ഡാൻസാഫ് അധികൃതർ പറയുന്നു. എം.ഡി.എം.എയും ലഹരി ഗുളികകളുമാണ് ഇവരിൽ നിന്ന് കുടുതലായും ലഭിക്കുന്നത്. ലഹരികടത്തു കേസിൽ പെൺകുട്ടികളും പ്രായപൂർത്തിയാകാത്തവരുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കുട്ടികളിൽ നിന്നാണ് കൂടതലായും ലഹരിവസ്തുക്കൾ കണ്ടെത്തുന്നത്.
ഡാൻസാഫ് പ്രവർത്തനം
ലഹരിവസ്തുക്കളുടെ വില്പന, ലഹരിനിർമ്മാണം, സംഭരണം, വിതരണ ശ്യംഖലകൾ എന്നിവയെക്കുറിച്ചുള്ള വിവര ശേഖരണം
എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ലോക്കൽ പൊലീസിനെ സഹായിക്കൽ
അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കൽ
ഡാൻസാഫിന് നമ്പർ: 9497980220
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |